പുകഴ്ത്തിയതല്ല നാക്കു പിഴയെന്ന് വനിതാ ലീഗ് അധ്യക്ഷ; നടപടിയില്ലെന്നു ലീഗ്
മലപ്പുറം:ബിജെപി പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് സംഭാവന നവല്‍കുകയും ബി.ജെ.പിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത് വെട്ടിലായ വനിത ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മാപ്പ് ചോദിച്ചു. അതുകൊണ്ട് പാര്‍ട്ടി നടപടിയില്ലെന്ന് മുസ്ലിംലീഗ്. ബി.ജെ.പി തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ പാര്‍ട്ടി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ ദിവസം ഖമറുന്നീസ ബി.ജെ.പിയെ പുകഴ്ത്തി സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഖമറുന്നീസയോട് ലീഗ് നേതൃത്വം വെള്ളിയാഴ്ച വിശദീകരണം ചോദിച്ചിരുന്നു.
എന്നാല്‍ തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും മാപ്പ് നല്‍കണമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഖമറുന്നീസ രേഖാമൂലം വിശദീകരണം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി ഒഴിവാക്കിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
കേരളത്തിലും പുറത്തും അതിവേഗം വളരുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും നാടിന്റ വികസനത്തിനും നന്മക്കുമായി ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കട്ടെ എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വനിത ലീഗ് സംസ്ഥാന അധ്യക്ഷ പറഞ്ഞിരുന്നു.