ഖമറുന്നീസയെ വനിതാ ലീഗ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കിയതായ് ലീഗ്‌

മലപ്പുറം: ബിജെപിയെ പുകഴ്ത്തിയതിന്റെ പേരില്‍ ഖമറുന്നീസ അന്‍വറിനെ മുസ്ലിംലീഗിന്റെ വനിത വിഭാഗം അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി. ഖമറുന്നീസ മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് നടപടിയൊന്നുമില്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മാപ്പ് പറഞ്ഞതിന് ശേഷവും തന്റെ നിലപാടിനെ ന്യായീകരിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഖമറുന്നീസയുടെ പ്രതികരണങ്ങള്‍ വന്നുവെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

ബിജെപി ഫണ്ട് ശേഖരണ പരിപാടി 2000 രൂപ നല്‍കി ഉദ്ഘാടനം ചെയതിന് പുറമേ ചടങ്ങില്‍ ബിജെപിയെ പ്രശംസിച്ചുകൊണ്ട് ഖമറൂന്നീസ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കകത്ത് നിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഖമറുന്നീസയെ വിളിച്ചു വരുത്തി വിശദീകരണം ആരാഞ്ഞപ്പോള്‍ തനിക്ക് ഒരു തെറ്റു പറ്റിയെന്നു മാപ്പാക്കണമെന്നും പറഞ്ഞുവത്രെ.
അതനുസരിച്ചാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മജീദ് ഒരു തെറ്റ് ആര്‍ക്കും സംഭവിക്കുമെന്നും അതേറ്റുപറഞ്ഞ് മാപ്പ് അപേക്ഷിച്ചാല്‍ ക്ഷമിക്കുകയാണ് മര്യാദയെന്നും വനിതാ ലീഗ് നേതാവിന്റെ പേരില്‍ നടപടിയൊന്നുമില്ലെന്നും മാധ്യമങ്ങളെ അറിയിച്ചത്.