സൗദിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ലത്തീഫ് തെച്ചിയ്ക്ക് വേണ്ടി പുരുഷൻ കടലുണ്ടി എം.എൽ.എയ്ക്ക് നിവേദനം

സൗദി അറേബ്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ലത്തീഫ് തെച്ചിയ്ക്ക് നീതി ലഭ്യമാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് പുരുഷൻ കടലുണ്ടി എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളും പ്രവാസി സംഘടനകളും ലത്തീഫിന്റെ യാത്രാവിലക്ക് നീക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടാണ് നിവേദനം.

അകാരണമായി ജയിലില്‍ അകപ്പെട്ടു പോയ നാരായണന്‍ എന്ന വ്യക്തിയ്ക്ക് 22 വര്‍ഷത്തെ പ്രവാസവും, 5 വര്‍ഷത്തെ ജയില്‍വാസവും അവസാനിപ്പിച്ച് നാടണയാന്‍ ലത്തീഫ് തെച്ചി സ്വയം ആ കേസ് ഏറ്റെടുത്തത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതേതുടർന്ന് സൗദിയിലെ നിയമ കുരുക്കില്‍ അകപ്പെട്ടു സ്വന്തം രാജ്യത്തോ മറ്റേതെങ്കിലും രാജ്യത്തോ പോകാന്‍ കഴിയാതെ അവസ്ഥയില്‍ അകപ്പെട്ടിരിക്കുകയാണ് ഇന്ന് അദ്ദേഹം.

വണ്ടി കഴുകുന്ന സ്ഥലത്ത് നിന്ന് ഒരു കാര്‍ കളവു പോയ കേസിന്, അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയും, 1,15,000 (ഒരു ലക്ഷത്തി പതിനയ്യായിരം റിയാല്‍) നാരായണനില്‍ നിന്നും നഷ്ടപ്പെട്ട കാറിന്റെ ഉടമ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് നടത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കോടതിയിയില്‍ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ മധ്യസ്ഥം ഉന്നയിക്കുകയും കാറിന്റെ ഉടമ 60,000 റിയാലായി നഷ്ടപരിഹാരം നിജപ്പെടുത്തി. എന്നാല്‍ കേസിന്റെ നൂലാമാലകള്‍ കഴിയാതെ നാരായണന് നാട്ടില്‍ പോകാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രായവും അവശതയും, വൃദ്ധയായ അമ്മയെ കാണാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും കണക്കിലെടുത്ത് തെച്ചി കേസ് തന്റെ പേരിലേക്ക് മാറ്റി.

ഒടുവില്‍ തെച്ചിയുടെ സുഹൃത്തുക്കളും നല്ലവരായ ആളുകളും ചേര്‍ന്ന് ടിക്കറ്റ് നല്‍കി നാരായണേട്ടനെ നാട്ടില്‍ എത്തിച്ചു. ഉടമ ആവശ്യപ്പെട്ട പണം, സൗദി രാജാവിന്റെ പാവങ്ങള്‍ക്ക് വേണ്ടിയുള്ള സകാത്ത് ഫണ്ടില്‍ നിന്നും ലഭിച്ചാല്‍, കോടതിയില്‍ അടക്കാമെന്ന പ്രതീക്ഷയിലായിരുന്നു തെച്ചിയും സുഹൃത്തുക്കളും കാര്യങ്ങള്‍ നീക്കിയത്. അതിനുള്ള പേപ്പര്‍ വര്‍ക്കുകളും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ക്ക് കാലതാമസം വരികയും വിചാരണക്ക് നടുവില്‍ ജഡ്ജി മാറുകയും പുതിയ ജഡ്ജി നാരായണന്‍ തന്നെ ഹാജരാകണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു.

നാരായണന്‍ 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആദ്യമായി സൗദിയില്‍ നിന്നും നാട്ടില്‍ പോയത്, തന്നെയുമല്ല തീരെ അവശനുമാണ്, ഇനിയിങ്ങോട്ടു വരാന്‍ കഴിയില്ല, തന്നെ വെച്ച് തന്നെ കേസ് വാദിക്കാന്‍ കനിവുണ്ടാകണം’, സുധീരമായ മറുപടി ആയിരുന്നു തെച്ചി കോടതിയോട് അറിയിച്ചത്. എന്നാല്‍ കോടതി തീരുമാനത്തില്‍ ഇളവ് വരുത്തിയില്ല. സ്വന്തം ഉമ്മയെ കാണാനുള്ള ആവശ്യത്തിനായി റീ എന്‍ട്രി അപേക്ഷിച്ച തെച്ചിയ്ക്ക് സൗദിക്കു പുറത്തു പോകാന്‍ കഴിയാത്ത വിധം രാജ്യത്തിന്റെ ബ്ലാക്ക് ലിസ്റ്റില്‍ അകപ്പെടുകയായിരുന്നു.