ദൈവവിളിയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ സ്‌നേഹം: വൈദിക വിദ്യാര്‍ത്ഥികളോട് യൂറോപ്പിന്റെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്

വത്തിക്കാന്‍സിറ്റി: പൗരോഹിത്യ ദൈവവിളിയുടെ അടിസ്ഥാനവും അതിലേക്കുള്ള തെരഞ്ഞെടുപ്പും ക്രിസ്തുവിന്റെ അപരിമേയമായ സ്‌നേഹമാണെന്നും വൈദിക ജീവിതത്തിലുള്ള വിശ്വസ്തതയും ഫലദായ കത്വവും ഒരാള്‍ ക്രിസ്തുവിന് പകരം നല്‍കുന്ന ആഴമായ സ്‌നേഹ ത്തില്‍ വേരൂന്നിയിരിക്കുന്നുവെന്നും യൂറോപ്പിലെ സീറോ – മലബാര്‍ സഭയുടെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്.

പഴയ നിയമത്തിലെ ദാവീദ് രാജാവിനെപ്പോലെ ദൈവത്തിന്റെ ഹൃദയത്തിന് അനുരൂപരായ നല്ല വൈദീകരാകണമെന്നും ബലഹീന തകളിലും വീഴ്ചകളിലും അടിപതറാതെ ഗുരുവായ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ എന്നും നിലനില്‍ക്കാന്‍ പരിശ്രമിക്കണമെന്നും ആദിമ സഭയിലെ പ്രഥമ ഡീക്കന്മാരുടെ മാതൃകയില്‍ ആത്മാവും ജ്ഞാനവും നിറഞ്ഞവര്‍ ആകണമെന്നും മാര്‍ സ്റ്റീഫന്‍ വൈദിക വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി.

റോമിലെ മാത്തര്‍ എക്ലേസിയ സെമിനാരിയില്‍ വൈദിക പരിശീലനം നടത്തുന്ന സീറോ – മലബാര്‍ സഭയിലെ ആറ് ശെമ്മാശന്മാര്‍ക്കു കാറോയ, ഹെവ്പദിയാകാനാ, മ്ശംശാന പട്ടങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ചു കൊണ്ട് സംസാരിക്കു കയായിരുന്നു ബിഷപ്പ് സ്റ്റീഫന്‍. റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സി എം ഐ ആര്‍ച്ചുഡീക്കനായും, റവ. ഫാ. ജോഷി കുളത്തുങ്കല്‍ സഹകാര്‍മ്മികനായും ചടങ്ങുകളില്‍ പങ്കെടുത്തു.

സുബിന്‍ പുത്തന്‍പുരക്കല്‍ (തക്കല രൂപത), ആല്‍ബിന്‍ പുന്നേലിപറ മ്പില്‍ (ഇരിഞ്ഞാലക്കുട രൂപത), ബിജോ ഇരുപ്പക്കാട്ട് (ചങ്ങനാശ്ശേരി അതിരൂപത), ജിന്റോ പുത്തന്‍പുരക്കല്‍ (മാണ്ട്യ രൂപത), ജോജിത് കൂട്ടുങ്ങല്‍ (കല്യാണ്‍ രൂപത), ജോസ് ഈറ്റോളില്‍ (ചങ്ങനാശ്ശേരി അതിരൂപത) എന്നിവരാണ് പൗരോഹിത്യ പരിശീലനത്തിന്റെ ഭാഗമായി വിവിധ പട്ടങ്ങള്‍ സ്വീകരിച്ചത്. സെമിനാരി റെക്ടര്‍ റവ. ഫാ. ഓസ്‌കാര്‍, അസിസ്റ്റന്റ് റെക്ടര്‍ ഫെലിപ്പെ, യൂറോപ്പിലെ അപ്പസ്‌തോലിക വിസിറ്റേഷന്റെ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ചെറിയാന്‍ വാരികാട്ട്, റോമിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വൈദികര്‍, സന്യസ്തര്‍, വൈദിക വിദ്യാര്‍ഥികള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിങ്ങനെ നൂറുകണക്കിന് ആളുകള്‍ കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു.