പിസി ജോര്‍ജിന്റെ ചോദ്യം:സിപിഎം എംഎല്‍എയുടെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് സഭയില്‍ റവന്യു മന്ത്രി യുടെ മറുപടി
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്റെ കൈവശമുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു. പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടയ രേഖകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് രാജേന്ദ്രന്‍ നല്‍കിയ അപേക്ഷകള്‍ കലക്ടറും ലാന്‍ഡ് റവന്യു കമ്മീഷണറും തള്ളിയതാണെന്നും മന്ത്രി പറഞ്ഞു.
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിപിഎം സിപിഐ തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലാണ് ഏറ്റവും പുതിയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ദേയമാണ്. കുരിശു സ്ഥാപിച്ച് ഭൂമികയ്യേറിയ വിഷയത്തില്‍ റവന്യു വകുപ്പ് എടുത്ത നിലപാടിനോട് മുഖ്യമന്ത്രി വിരുദ്ധ സമീപനമായിരുന്നു സ്വീകരിച്ചത്. എന്നാല്‍ നിലവില്‍ മൂന്നാറിലെ തന്നെ എംഎല്‍എയുടെ പട്ടയം വ്യജമാണെന്ന നിലയിലേക്കെത്തിയത് സിപിഎമ്മിന്റെ നിലപാടുകളെ വീണ്ടും ചോദ്യം ചെയ്യപ്പെടാനിടവരുത്തും.നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ സിപിഐ മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ മറുപടി വന്നതും സിപിഎമ്മിനെ ചൊടിപ്പിച്ചേയ്ക്കും.ഒരു പക്ഷെ വരും ദിവസങ്ങളില്‍ സഭ പ്രക്ഷുബ്ദമാകാനും ഇത് ഇടയാക്കിയേക്കും.