ഇനി നാഥനില്ലാ കളരിയല്ല; സെന്‍കുമാറിനു ഇന്ന് ഉത്തരവു ലഭിക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ ഇന്ന് ചുമതലേയറ്റെടുത്തേയ്ക്കും. ടി.പി.സെന്‍കുമാറിനെ പോലീലീസ് മേധാവി സ്ഥാനത്ത് പുനര്‍നിയമിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഒപ്പിട്ടിരുന്നു. ഉത്തരവ് ഇന്ന് സെന്‍കുമാറിന് കൈമാറും. ഉത്തരവു ലഭിച്ചാല്‍ ഇന്നുതന്നെ ചുമതലയേല്‍ക്കുമെന്ന് സെന്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.

സെന്‍കുമാറിനെ പുനര്‍നിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് പുനര്‍നിയമനം നല്‍കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പു വെച്ചത്. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെയെത്തുന്നതോടെ ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറാകും.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച മുതല്‍ വിജിലന്‍സിന്റെ താത്കാലിക ചുമതല ബെഹ്‌റയ്ക്കായിരുന്നു. ഇനി ബെഹ്‌റ വിജിലന്‍സിന്റെ മുഴുവന്‍ സമയ ചുമതലയിലേക്കു മാറും. ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടു നടന്ന പാര്‍ട്ടി സെക്രട്ടേറിയറ്റിനു ശേഷമാണ് സെന്‍കുമാറിന് പുനര്‍നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.