സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവി; ബെഹ്‌റയില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധവിയായി ടിപി സെന്‍കുമാര്‍ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നും അദ്ദേഹം ബാറ്റണ്‍ സ്വീകരിച്ച് അധികാരമേറ്റെടുത്തു.
നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ് പോലീസ് ആസ്ഥാനത്ത് ചടങ്ങു നടന്നത്.അധികമായ സന്തോഷമില്ലെന്നും അമിതമായാല്‍ അമൃതും വിഷമാണെന്നുമാണ് അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം പ്രതികരിച്ചു. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമാണ് യൂണിഫോം ഇടുന്നത്. നിയമനടപടി ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി.
സ്ഥാനമൊഴിയുന്ന ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേല്‍ക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുളള ഉത്തരവില്‍ മുഖ്യമന്ത്രി ഇന്നലെ ഒപ്പു വച്ചിരുന്നു. ഇന്നാണ് ഉത്തരവ് സെന്‍കുമാറിനു ലഭിച്ചത്.ദൂതന്‍ മുഖേന എത്തിയ ഉത്തരവ് അദ്ദേഹം കൈപ്പറ്റി.