1000 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രം എന്ന ചരിത്ര നേട്ടം ബാഹുബലി 2വിന്, ബോളീവുഡ് ഉറ്റു നോക്കുന്നത് സൗത്ത് ഇന്ത്യയിലേയ്ക്ക്

ഇന്ത്യന്‍ സിനിമയില്‍ നിന്നും 800 കോടിയും വിദേശത്തുനിന്നുമായി 200 കോടിയും സ്വന്തമാക്കിയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഇപ്പോള്‍ അപൂര്‍വനേട്ടം കൈവരിച്ചിരിക്കുന്നത്. ട്രേഡ് ട്രാക്കര്‍ രമേശ് ബാലയും ഇക്കാര്യം സ്ഥിരീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എട്ടാം ദിവസത്തിലെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ചിത്രം 925 കോടി നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും 745 കോടിയും വിദേശത്തുനിന്നും 180 കോടിയുമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിലെന്നല്ല വിദേശത്തും വന്‍വരവേല്‍പ്പാണ് ബാഹുബലിക്ക് ലഭിച്ചത്. യുഎസ് ബോക്‌സ് ഓഫിസില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി ക്ലബില്‍ എത്തിയ ഇന്ത്യന്‍ ചിത്രമായി ബാഹുബലി മാറിയിരുന്നു.

ഓസ്‌ട്രേലിയയിലും ചിത്രത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. നേരത്തെ ആമിര്‍ ഖാന്‍ ചിത്രങ്ങളായ പികെയുടെയും ദംഗലിന്റെയും റെക്കോര്‍ഡുകള്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ തകര്‍ത്തിരുന്നു. പികെ 768 കോടിയും ദംഗല്‍ 716 കോടിയുമായിരുന്നു നേടിയത്.

ലോകമെമ്പാടുമായി 9000 സ്‌ക്രീനുകളിലാണ് ബാഹുബലി 2 പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യയില്‍ മാത്രം 6,500 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.