ഫ്രാന്‍സിനെ നയിക്കാന്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റായി ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തിലേയ്ക്ക്

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍മാര്‍ഷെ നേതാവും മിതവാദിയുമായ ഇമ്മാനുവല്‍ മാക്രോണ്‍ വിജയിച്ചു. പ്രാദേശിക സമയം എട്ടു മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 4.7 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി.

കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയതയും പ്രമേയമാക്കിയ മരീന്‍ ലീപെന്നോയെ 65.5 ശതമാനം വോട്ടിനാണ് മക്രോണ്‍ പരാജയപ്പെടുത്തിയത്. ലീപെന്നോക്ക് 34.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

1958ല്‍ ഫ്രഞ്ച് ഭരണഘടന നിലവില്‍ വന്നതു മുതല്‍ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളാണ് മാറിമാറി രാജ്യം ഭരിച്ചിരുന്നത്. എന്നാല്‍, മക്രോണിന്റെ വിജയത്തോടെ ഇത് മറ്റൊരു കഥയായി.

ഫ്രാന്‍സിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റാണ് 39കാരനായ മാക്രോണ്‍. നിലവിലെ പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ടാണ് മാക്രോണ്‍ എന്‍മാര്‍ഷെ രൂപവത്കരിച്ചത്. മുന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ കൂടിയായ മാക്രോണ്‍ നേരത്തെ ധനകാര്യമന്ത്രിയായിരുന്നു.

ഇതൊക്കെയാണെങ്കിലും മാക്കോണിനു അധികാരത്തില്‍ എത്താന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം. അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം ഇല്ലെങ്കില്‍ അധികാരം പരിമിതമാകും പ്രെസിഡന്റിന്. ജൂണിലാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. അതുകൊണ്ട് അധികാരത്തിലെത്താന്‍ മറ്റു പാര്‍ട്ടികളുടെ സഹായം മക്രോണിന് വേണ്ടിവരുമെന്ന് ചുരുക്കം.