സെന്‍കുമാറിനെ ഉന്നം വെച്ച് ബെഹ്‌റ; സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണം, സ്ഥലം മാറ്റാനുളള പരമാധികാരം സര്‍ക്കാരിനാണെന്നും ബെഹ്‌റ മാധ്യമങ്ങളോട്

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുളള പരമാധികാരം സര്‍ക്കാരിനാണെന്നും സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും ഡിജിപിയായി സ്ഥാനമേറ്റ സെന്‍കുമാറിനെ ഉന്നം വെച്ച് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

സെന്‍കുമാര്‍ കേസില്‍ താന്‍ ബലിയാടായി എന്ന തോന്നല്‍ തനിക്കില്ല. സര്‍ക്കാര്‍ നല്‍കുന്ന ചുമതല ഏതായാലും ഏറ്റെടുക്കും. പൊലീസില്‍ മധ്യനിരയിലുളള ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചിരുന്നെങ്കില്‍ പല വിവാദങ്ങളും ഒഴിവാക്കാമായിരുന്നു. തിരിച്ച് പൊലീസ് മേധാവിയായി വരുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും ആരും നല്‍കിയിട്ടില്ല. താന്‍ സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്നും നിയമപോരാട്ടം നടത്തിയത് സര്‍ക്കാരാണെന്നും ബെഹ്‌റ പറഞ്ഞു.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതികള്‍ക്കായിരിക്കും വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ മുന്‍ഗണന നല്‍കുക. മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ല കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. വിജിലന്‍സിനുളളില്‍ ഇന്റലിജന്‍സ് വിഭാഗം ആരംഭിക്കും. പരിശീലനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.