മൂന്നുവര്‍ഷമായി തടങ്കലില്‍ കഴിഞ്ഞിരുന്ന 83 വിദ്യാര്‍ത്ഥികളെ ഭീകരര്‍ വിട്ടയച്ചു
നൈജീരിയ: നൈജീരിയ ബോക്കോഹാറം ഇസ്ലാമിക് തീവ്രവാദികള്‍ മൂന്നുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ അവശേഷിക്കുന്ന 83 വിദ്യാര്‍ത്ഥികളെ മെയ് ആറാം തീയതി ശനിയാഴ്ച മോചിപ്പിച്ചു.
ലോകജനതയെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി മുന്നൂറോളം വിദ്യാര്‍ത്ഥികളെയാണ് ചിബോക്ക് ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും മൂന്നുവര്‍ഷം മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ 113 വിദ്യാര്‍ത്ഥികളെ നേരത്തെ ഭീകരര്‍ വിട്ടയച്ചിരുന്നു. ഇത്രയും കാലഘട്ടത്തിനിടയില്‍ പല വിദ്യാര്‍ത്ഥികളും അസുഖം മൂലം തടങ്കലില്‍ മരിക്കുകയോ, കാണാതാകുകയോ ചെയ്തിട്ടുണ്ട്.
നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം അഞ്ചു ബോക്കൊഹാറം കമാന്‍ഡര്‍മാരെ ഗവണ്‍മെന്റ് മോചിപ്പിച്ചതിനു പകരമായാണ് 83 വിദ്യാര്‍ത്ഥികളെ ഭീകരര്‍ വിട്ടയച്ചത്. വിട്ടയയ്ക്കപ്പെട്ട വിദ്യാര്‍ത്ഥികളെ നൈജീരിയന്‍ പ്രസിഡന്റ് മെയ് ഏഴാംതീയതി ഞായറാഴ്ച സന്ദര്‍ശിച്ചിരുന്നു.
ഒന്നര വര്‍ഷമായി ലണ്ടനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 74-കാരനായ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി തലസ്ഥാനത്ത് തിരിച്ചെത്തിയാണ് വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് അവരുടെ വിമോചനത്തില്‍ ആശ്വാസം പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനും ആരോഗ്യ- മാനസീക നില വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഭീകര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരപരാധികളായ മുന്നൂറോളം വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയ സംഭവം ലോക മാധ്യമശ്രദ്ധ നേടിയിരുന്നു.