ചാര്‍ളിയിലെ ടെസയെപ്പോലെ നാടുചുറ്റാന്‍ മോഹം; ആലുവയില്‍ പിടിയിലായത് കൗമാരക്കാരികള്‍
കൊച്ചി:സിനിമ മനുഷ്യനില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ വലിയ ഒരു ഉദാഹരണമാണ് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായത്. ബണ്ടി ചോര്‍ കളവു നടത്താനായി ധൂം സിനിമ സ്‌റ്റൈല്‍ തെരെഞ്ഞെടുത്തു എന്നു പറയപ്പെടുന്നു. എന്നാല്‍ ഇവിടെ സിനിമയില്‍ നിന്നു കടം കൊണ്ടത് യാത്രയെയാണ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തി സംസ്ഥാന അവാര്‍ഡുകള്‍ വരെ വാങ്ങിയ ‘ചാര്‍ളി’ സിനിമയിലെ നായികയെ അനുകരിച്ച് നാടുവിട്ടു മൂന്നാറിനു പോയ 19 വയസുകാരികളായ രണ്ട് ഐടിഐ വിദ്യാര്‍ഥിനികളെ പോലീസ് പിടികൂടി.
മൂന്നാറില്‍ നിന്നും തിരികെ വരുമ്പോഴാണ് ഇവര്‍ ആലുവയില്‍ പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ വൈപ്പിന്‍ മുരുക്കുംപാടം സ്വദേശിനിയും രണ്ടാമത്തെയാള്‍ എറണാകുളം പച്ചാളം സ്വദേശിനിയുമാണ്. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും ഞാറക്കല്‍ സ്റ്റേഷനിലും കേസ് രിജിസ്റ്റര്‍ ചെയ്തിരുന്നു.
രാവിലെ പഠിക്കാന്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രണ്ട് പേരെയും രാത്രിയായിട്ടും കാണാതായതോടെയാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയതും പോലീസില്‍ പരാതി നല്‍കിയതും. പോലീസിന്റെ അന്വേഷണത്തിനിടെയാണ് ഇരുവരേയും ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസ് പിടികൂടുന്നത്. ഓരോരുത്തരെയും പരാതി നല്‍കിയുള്ള സ്റ്റേഷന്‍ എസ്‌ഐമാര്‍ക്ക് കൈമാറി. ഇവരുടെ ചോദ്യം ചെയ്യലിലാണ് ചാര്‍ളി സിനിമയിലെ നായികയെ പോലെ ഭ്രമം കയറി നാടു ചുറ്റാനിറങ്ങിയതാണെന്ന് തങ്ങളെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്.
ആദ്യം മൂന്നാറില്‍ എത്തിയ ഇരുവരും ഒരു ദിവസം ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. പിറ്റേന്ന് ആലുവയിലെത്തി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം തൃശൂര്‍ പൂരം കാണാനായി ഇറങ്ങി നില്‍ക്കവേയാണ് പോലീസ് പിടിയിലായത്. യാത്രക്കും ചെലവിനുമുള്ള പണം കണ്ടെത്തുന്നതിനായി കൈയിലുണ്ടായിരുന്ന സ്വര്‍ണം എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തുകയായിരുന്നു. കോടതികളില്‍ ഹാജരാക്കിയ വിദ്യാര്‍ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.