നീറ്റ് ആവാതെ നീറ്റ് പരീക്ഷ: അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും സിബിഎസ്ഇ റീജണല്‍ ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വാകാര്യ സ്‌കൂളുകളില്‍ അധികൃതര്‍ വിദ്യാര്‍ഥിനികളുടെ ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയും ബ്രാ,ജീന്‍സ് ഉള്‍പ്പെടെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധന നടത്തുകയും ചെയ്തത്. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയെന്ന പേരില്‍ ഇത്തരം നടപടികള്‍ക്ക് വിധേയമാക്കിത്.

കുഞ്ഞിമംഗലം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രാവിലെ 8.30ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചു. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് പരീക്ഷയെഴുതേണ്ടിവന്നു ഇവര്‍ക്ക്.

അഞ്ചരക്കണ്ടി മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ചുരിദാറിന്റെ കൈ മുറിച്ചതായി പരാതി ഉയര്‍ന്നു. മാലൂര്‍ അരയാരംകീഴില്‍ ദേവാനന്ദിന്റെ മകള്‍ വി. ചഞ്ചലിന്റെ ചുരിദാര്‍ മുറിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി കരഞ്ഞു. പ്രശ്‌നമായതോടെ ഒരു കൈമാത്രം മുറിച്ചുനിര്‍ത്തി.

ചെറുവത്തൂരിലെ അധ്യാപികയുടെ മകള്‍ക്ക് ദൂരെപ്പോയി വസ്ത്രംവാങ്ങിയതിനു ശേഷമാണ് പരീക്ഷയെഴുതാനായത്. അയല്‍വീട്ടുകാരായ സ്ത്രീകള്‍ പലരും പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാന്‍ തയ്യാറായെങ്കിലും ഇക്കൂട്ടത്തിലെ ചുരിദാറുകളുടെ നീളമുള്ള കൈകള്‍ അധികൃതര്‍ മുറിച്ചുമാറ്റി. പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഇത്തരം നടപടികളുണ്ടായതെന്നതിനാല്‍ പല കുട്ടികളും പരീക്ഷയെഴുതാന്‍ വൈകി.