സെന്‍കുമാര്‍ കേസ്: കോടതിയില്‍ പിഴയല്ല അടയ്ക്കാന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 25,000 രൂപ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അടയ്ക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ സ്വീകരിച്ചത് നിയമപരമായ നടപടികള്‍ മാത്രമാണ്. ആവശ്യമായ വിശദീകരണം കോടതിയില്‍നിന്നു തേടുകമാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി സര്‍ക്കാരിന് 25,000 രൂപ പിഴ വിധിച്ച സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ. മുരളീധരന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം, പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ അടിയന്തരപ്രമേയമായി കൊണ്ടുവരുന്ന പ്രവണത ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.