‘ഷോട്ട്’ നീരണിയല്‍ ജൂലൈ 27ന്; സ്വാഗത സംഘ രൂപികരണം മെയ് 13ന്

എടത്വാ: നാടിന്റെ മുഴുവന്‍ ആവേശം നെഞ്ചിലേറ്റി ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര കുടുംബത്തില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട്’ ജൂലൈ 27 ന് 10.30ന് നീരണിയും. നീരണിയല്‍ ചടങ്ങിന് മുന്നോടിയായി മെയ് 13ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്വാഗത സംഘ രൂപികരണയോഗം നടക്കും.

രാഷ്ടീയ-സാസ്‌ക്കാരിക-സാമൂഹിക-സാമുദായിക നേതാക്കളും ജലോത്സവ പ്രേമികളും പങ്കെടുക്കും.

അപ്പര്‍ കുട്ടനാടിലെ വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമാണ് ഷോട്ട്. 1926 ലാണ് പുളിക്കത്ര വള്ളം ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി. 1952 ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാല്‍ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട്’ എന്ന് വിളിച്ചപ്പോള്‍ ഇരുകരകളില്‍ നിന്നും ആര്‍പ്പുവിളി ഉയര്‍ന്നു. പിന്നീട് ഷോട്ട് എന്ന ഓമനപേരില്‍ പുളിക്കത്ര വള്ളം ജലോത്സവ പ്രേമികളുടെ മനസ്സ് കീഴടക്കി.

1960-ല്‍ കോഴിമുക്ക നാരായണന്‍ ആചാരിയും 2001ല്‍ ഉമാ മഹേശനും ആയിരുന്നു ശില്പികള്‍.

ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ ഉണ്ട്. ആഞ്ഞിലി തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്.

നീരണിയിക്കല്‍ ചടങ്ങ് നടക്കുന്ന അവസരത്തില്‍ വള്ളത്തിന്റെ ശില്പി സാബു നാരായണന്‍ ആശാരിയെ ആദരിക്കും. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാന്‍ തീരുമാനിച്ചതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.

വളളത്തിന്റെ അവസാന മിനുക്ക് പണിയിലാണ്. വള്ളം മിനുസപെടുത്തി വെളിച്ചെണയും മഞ്ഞളും തേച്ച് പിടിപ്പിക്കുന്നതോടെ നീറ്റിലിറക്കാന്‍ തയാറാവും.

വിവിധ ജലമേളകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വളളങ്ങളിലെ എടത്വായെ പ്രതിനിധികരിച്ച തുഴച്ചില്‍ക്കാരെ ആദരിക്കും.

ഷോട്ട് വള്ളങ്ങളിലെ മുന്‍ തുഴച്ചില്‍ക്കാരെയും ആദരിക്കും. നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചി പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വള്ളസദ്യയും ഉണ്ടായിരിരിക്കുമെന്ന് മാനേജര്‍ റജി എം വര്‍ഗ്ഗീസ് അറിയിച്ചു.