ഇടുക്കിയില്‍ കള്ളനോട്ടുമായി ദമ്പതികള്‍ പിടിയില്‍ ; പിടിച്ചെടുത്തത് അഞ്ചുലക്ഷത്തിന്‍റെ പുതിയ നോട്ടുകള്‍

കൊച്ചി : കള്ളനോട്ട് സംഘത്തിന്റെ കണ്ണികള്‍ എന്ന് സംശയിക്കുന്ന ദമ്പതികള്‍ ഇടുക്കിയില്‍ പിടിയിലായി. ഇവരില്‍ നിന്നും അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. വണ്ടിപ്പെരിയാര്‍ ടൗണില്‍ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ദമ്പതികളെ പോലീസ് പിടികൂടിയത്. വാഹനത്തില്‍ നിന്നും എറണാകുളത്തെ താമസ സ്ഥലത്തുനിന്നുമായി 5 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ ഇവരില്‍ നിന്നും പിടികൂടി.

കഴിഞ്ഞ ദിവസം വൈകിട്ട് എട്ടു മണിയോടെ കുട്ടിക്കാനം പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ച ഇന്നോവക്കാറിന്റെ ഡ്രൈവര്‍ നല്‍കിയത് 500 രൂപയുടെ കള്ളനോട്ടുകളായിരുന്നു. കള്ളനോട്ടാണെന്ന് മനസിലായതോടെ ജീവനക്കാര്‍ വിവരം പീരുമേട് പോലീസിനെ അറിയിച്ചു. എന്നാല്‍ വഴിയില്‍ കാത്തു നിന്നു പോലീസുകാര്‍ കൈകാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസിനെ വിവരം അറിയിച്ചു.
വണ്ടിപ്പെരിയാര്‍ പോലീസ് വാഹനം പിടികൂടി. പരിശോധയില്‍ കാറില്‍ നിന്നും 38500 രൂപയുടെ 500 ന്റെ 77 കള്ളനോട്ടുകള്‍ കണ്ടെത്തി.വാഹനത്തിലുണ്ടായിരുന്ന നെടുംകണ്ടം തുണ്ടിയില്‍ ദീപു എന്ന് വിളിക്കുന്ന ജോജോ ജോസഫിനെയും ഭാര്യ അനുപമയേയും പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്! പ്രതിയുടെ തൃപ്പൂണിത്തുറയിലെ ഫല്‍റ്റില്‍ നടത്തിയ പരിശോധനയില്‍ 4 ലക്ഷത്തിഏഴായിരം രൂപയുടെ 814 കള്ളനോട്ടുകള്‍ കണ്ടെടുത്തു. നോട്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ പിടികൂടിയ ഏറ്റവും വലിയ കളളനോട്ട് ശേഖരമാണിത്. കള്ളനോട്ടു സംഘത്തിലെ കണ്ണികള്‍ മാത്രമാണ് ദമ്പതികള്‍ എന്ന് പോലീസ് സംശയിക്കുന്നു.