യമനില്‍ നിന്നും ബന്ദിയാക്കിയ ഫാ.ടോം ഉഴുന്നാലിലിന്റെ പുതിയ വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ തോന്നിക്കുന്ന പുതിയ വീഡിയോ പുറത്ത്. കഴിഞ്ഞ ഏപ്രില്‍ 15ന് ചിത്രീകരിച്ച വീഡിയോയുടെ ആധികാരികത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം മുന്‍പ് രണ്ടുതവണ ഫാ.ടോമിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഫാ. ടോം ഉഴുന്നാലില്‍ ഭീകരരുടെ തടങ്കലിലാണ്.
തെക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷം ഭീകരര്‍ ഫാ.ടോമിനെ തട്ടിക്കൊണ്ടുപോക്കുകയായിരുന്നു. എന്നാല്‍ ഭീകരരുടെ പിടിയില്‍ നിന്ന് ഫാ. ടോമിനെ മോചിപ്പിക്കുന്നതിനായി കേന്ദ്രം നടപടികള്‍ സ്വീകരിച്ചിരുന്നു. അതീവ പ്രാധാന്യത്തോടെയാണ് വിഷയം കൈകാര്യംചെയ്യുന്നതെന്നു വിദേശകാര്യ മന്ത്രാലയം പലതവണ വ്യക്തമാക്കിയിരുന്നു. അതേസമയം യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതും സുസ്ഥിരമായ സര്‍ക്കാര്‍ അവിടെ ഇല്ലാത്തതുമൊക്കെ നടപടികള്‍ വൈകുന്നതിന്റെ മറ്റു കാരണങ്ങളായി കണക്കാക്കാം.
പുതിയ സാഹചര്യത്തില്‍ മോചനം സാധ്യമാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്നോ അദ്ദേഹത്തിന്റെ മോചനവഴികളെക്കുറിച്ചു വ്യക്തതയുണ്ടോ എന്ന കാര്യത്തില്‍ കൃത്യത ഇല്ല. ഫാ. ടോം എവിടെയാണ് എന്നത് സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമല്ല. ഏതു ഭീകരസംഘടനയാണു തട്ടിക്കൊണ്ടു പോയതെന്നും കൃത്യമായി അറിവില്ല.