അ​ര്‍ണ​ബ്​ ഗോ​സ്വാ​മിയുടെ ചാനലിന് എതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം : സുനന്ധ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍  അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലില്‍ വന്ന വെളിപ്പെടുത്തലുകള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം പി. മാധ്യമങ്ങള്‍ ജുഡീഷ്യറിയുടെയും പോലീസിന്റെയും ജോലി ചെയ്യേണ്ടതില്ലെന്നും ശ്രദ്ധ നേടാനുള്ള പുതിയ ചാനലിന്റെ ശ്രമമാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ ജീവിതത്തിലെ വ്യക്തിപരമായ ദുരന്തത്തെ ചിലര്‍ നേട്ടത്തിനായി ഉപയോഗിക്കുന്നു. ചില മാധ്യമങ്ങള്‍ വലിയ കളവുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. ഇത് മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം അല്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ധാര്‍മികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നതെന്നും സ്വന്തം നേട്ടത്തിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ ഇയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ഇന്ത്യയില്‍ ഒരു നീതിന്യായവ്യവസ്ഥയുണ്ട്. അതുപോലെ ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാത്തരം അന്വേഷണങ്ങളിലും താന്‍ പൊലീസുമായി സഹകരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയാണ് അന്തിമ വിധി പറയേണ്ടതെന്നും തരൂര്‍ പറഞ്ഞു. സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്ന ഫോണ്‍സംഭാഷണങ്ങളുമായി റിപ്പബ്ലിക് ടിവിയാണ് രംഗത്തുവന്നത്. സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്.