ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന് ആറ് മാസം തടവ് ; ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യസംഭവം

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ന്യായാധിപന്‍മാര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ച കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണനാണ് സുപ്രീം കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചത്.
കര്‍ണ്ണന് ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നും ഇതിനെതിരെ ജസ്റ്റിസ് കര്‍ണ്ണന്‍ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശം നടത്തിയാല്‍ അവ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയായത് കൊണ്ട് കോടതിയലക്ഷ്യ നിയമം ബാധകമാവില്ലെന്ന് കരുതേണ്ടെന്നും എല്ലാവര്‍ക്കും നിയമം ഒരുപോലെയാണെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ ഈ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കര്‍ണന് യാതൊരു തരത്തിലുമുള്ള മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയെന്നും പൂര്‍ണ്ണ ബോധത്തോടെയാണ് കര്‍ണന്‍ ഇതൊക്കെ പറയുന്നതെന്നും കോടതി കണ്ടെത്തുകയായിരുന്നു. ഉടന്‍ ശിക്ഷ നടപ്പാക്കണമെന്ന് സുപ്രീം കോടതി വിധിച്ച സാഹചര്യത്തില്‍ കര്‍ണ്ണനെ ഉടനെ അറസ്റ്റ് ചെയ്യേണ്ടിവരും.കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അടക്കമുള്ള എട്ട് മുതിര്‍ന്ന ജഡ്ജിമാരെ അറസ്റ്റ്  ചെയ്ത്  അഞ്ചു വര്‍ഷം ജയിലിലടക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ ‘ഉത്തരവിട്ടിരുന്നു’. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമവുമായി ബന്ധപ്പെട്ടാണ് ‘ശിക്ഷ വിധിച്ചത്’. ഒരു ലക്ഷം രൂപ പിഴയുമടക്കണമെന്നും ഇല്ലെങ്കില്‍ ആറു മാസം പിന്നെയും ജയില്‍വാസമുണ്ടാകുമെന്നും ‘ഉത്തരവില്‍’ പറഞ്ഞിരുന്നു.