വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ആം ആദ്മി ; ഉപയോഗിച്ചത് വ്യാജ യന്ത്രം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി : ബി ജെ പി സര്‍ക്കാര്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി എന്നതിന് തെളിവുകള്‍ നിരത്തി ആം ആദ്മി. യന്ത്രത്തിന്റെ കോഡില്‍ മാറ്റം വരുത്തി കൃത്രിമം നടത്താമെന്നു ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജ് ആണ് നിയമസഭയെ അറിയിച്ചത്. നിയമസഭയില്‍ ഡമ്മി വോട്ടിംഗ് യന്ത്രവുമായി എത്തിയാണ് ഭരദ്വാജ് ഈക്കാര്യം സഭയെ ബോധിപ്പിച്ചത്. ഒരോ സ്ഥാനര്‍ഥിക്കും രഹസ്യ കോഡ് ഉണ്ടെന്നും ബിജെപി പ്രവര്‍ത്തകര്‍ വോട്ട് രേഖപ്പെടുത്താന്‍ എന്ന വ്യാജേന പോളിംഗ് ബൂത്തുകളില്‍ എത്തി രഹസ്യ കോഡില്‍ മാറ്റം വരുത്തുന്നുവെന്നും ഭരദ്വാജ് സഭയെ അറിയിച്ചു.
പ്രത്യേക നിയമസഭ സമ്മേളനത്തിലായിരുന്നു ഭരദ്വാജ് ഈക്കാര്യം വെളിപ്പെടുത്തിയത്. ഭരദ്വാജിന്റെ ആരോപണത്തെ തുടര്‍ന്നു ബിജെപി എംഎല്‍എമാര്‍ സഭയില്‍ ബഹളമുണ്ടാക്കി. സഭ നടപടികള്‍ ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയെ സ്പീക്കര്‍ സഭയില്‍നിന്നു പുറത്താക്കിയിരുന്നു. ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലാണ് വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നു എം എല്‍ എ ആരോപിച്ചത്. അതേസമയം വോട്ടിങ് യന്ത്രത്തിലെ കൃത്രിമം പ്രദര്‍ശിപ്പിക്കാന്‍ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്നത് യഥാര്‍ത്ഥ വോട്ടിങ് യന്ത്രമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. യഥാര്‍ത്ഥ വോട്ടിങ് യന്ത്രത്തെ പോലിരിക്കുന്ന യന്ത്രങ്ങളുണ്ടാക്കാന്‍ ആര്‍ക്കുമാകുമെന്നും തങ്ങള്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. അതേസമയം, യഥാര്‍ത്ഥ യന്ത്രം നല്‍കാന്‍ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.