ബി.ജെ.പിയോടൊപ്പം ചേരുകയാണ് മാണിയുടെ ലക്ഷ്യമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്

കോട്ടയം: ബി.ജെ.പിയുമായി ചേർന്ന് സഖ്യമുണ്ടാക്കാനാണ് കെ.എം മാണി ശ്രമിക്കുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ്. മാണി അണികളോട് അഹ്വാനം ചെയ്യുന്നതും തന്നെയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയത്ത് നടന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിര്‍വാഹക സമിതിയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാണിയുടെ ലക്‌ഷ്യം ബി.ജെ.പി ആണെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് തുറന്നടിച്ചത്. മാണിഗ്രൂപ്പ് വഞ്ചനയുടെ പര്യായമായി മാറി. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പ് കൈക്കൊണ്ട തീരുമാനം അധാര്‍മികമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ വക്കിലാണ്. പി.ജെ ജോസഫ് എതിര്‍പ്പ് വ്യക്തമാക്കി പുറത്തുവരണം. വീര്‍പ്പുമുട്ടി പാര്‍ട്ടിയില്‍ അദ്ദേഹം തുടരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ഇ.ജെ ആഗസ്്തി കാണിച്ച ധൈര്യമെങ്കിലും നേതാക്കള്‍ കാണിക്കണമെന്നും പാര്‍ട്ടിയില്‍ തീരുമാനമെടുക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യേണ്ട മര്യാദപോലും മാണി കാണിക്കുന്നില്ലെന്നതിന്റെ തെളിവാണ് പി.ജെ ജോസഫിന്റെ വാക്കുകളെന്നും ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു.

മാണി ഗ്രൂപ്പില്‍ നിന്ന് പുറത്തുവരാന്‍ ആഗ്രഹിക്കുന്നവര്‍ പുറത്തുവരണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസില്‍ നടക്കുന്നത് ഏകാധിപത്യവും കുടുംബ വാഴ്ച്ചയുമാണ്. കേരള കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം മാണി മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.