മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് വായ്പ; അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പ അനുവദിച്ചതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച് അദ്ദേഹം റിസര്‍വ്വ് ബാങ്കിന് പരാതി നല്‍കി.

ബാങ്കിംഗ് ചട്ടങ്ങള്‍ക്കും റിസര്‍വ്വ് ബാങ്ക് നിയമങ്ങള്‍ക്കും വിരുദ്ധമായാണ് ബാങ്കുകള്‍ മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്ക് വായ്പ അനുവദിച്ചിരിക്കുന്നത്. വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് കോടിക്കണക്കിന് രൂപ വായ്പയായി നല്‍കിയത്. റിസോര്‍ട്ടുകള്‍ അനധികൃത ഭൂമിയിലായതിനാല്‍ ബാങ്കുകള്‍ക്ക് പണം തിരികെ ഈടാക്കാന്‍ സാധിക്കുന്നുമില്ല. ഇതിനാല്‍ നൂറു കണക്കിന് കോടി രൂപ ഖജനാവിന് നഷ്ടമായിട്ടുണ്ട്.

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള ബാങ്കുകളിലെ ജീവനക്കാരും രാഷ്ട്രീയ-റിസോര്‍ട്ട് മാഫിയകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സര്‍ക്കാരിന് കോടികള്‍ നഷ്ടമാക്കിയിരിക്കുന്നത്. ഇതേപ്പറ്റി അന്വേഷണം നടത്തണം. റിസര്‍വ്വ് ബാങ്ക് അന്വേഷണത്തിന് പുറമേ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും കുമ്മനം റിസര്‍വ്വ് ബാങ്ക് റീജയണല്‍ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.