വിദേശി ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് സൗദി നിര്‍ത്തലാക്കുന്നു
റിയാദ് : വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് സൗദി നിര്‍ത്തിവെക്കുന്നു. ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് സൗദി തൊഴില്‍,സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്. സൗദി ദന്ത ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയാണ് ഈ പുതിയ നടപടി.
ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സഹകരിച്ച് ഇന്നലെ രാവിലെ റിയാദില്‍ സംഘടിപ്പിച്ച ശില്പശാലയിലാണ് വിദേശങ്ങളില്‍ നിന്ന് ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിര്‍ത്തിവെക്കുന്നതിനുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅയും തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസും ശില്പശാലയില് പങ്കെടുത്തു. സ്വകാര്യ ആരോഗ്യ മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതിനെയും സ്വകാര്യ ആരോഗ്യ മേഖലയില്‍ സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനെയും കുറിച്ചാണ് ശില്പശാല വിശകലനം ചെയ്തത്.
സൗദി പൗരന്മാര്ക്കിടയില് വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം. ആരോഗ്യ മേഖലയെ സ്വദേശി വത്ക്കരിക്കുമെന്ന് മുമ്പും പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും റിക്രൂട്ട്മെന്റ് നിര്‍ത്തി വെക്കാനുള്ള തീരുമാനം ആദ്യമായിട്ടാണ്. നിലവില്‍ വിവിധ ആശുപത്രകളില്‍ ജോലി ചെയ്യുന്ന വിദേശികളായ ദന്ത ഡോക്ടര്‍മാരുടെ ഭാവിയെ കുറിച്ചും ആശങ്കകളുയരുന്നുണ്ട്. ജോലി നിര്‍ത്തി എക്സിറ്റില്‍ പോവുന്ന ഡോക്ടര്‍മാര്‍ക്ക് പകരം വിസ അനുവദിക്കാന്‍ സാധ്യതയില്ല.
മാളുകളില്‍ പൂര്‍ണ്ണ സ്വദേശി വത്ക്കരണം നടത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം മുഹറം മാസത്തോടെ ഹായില്‍, ഖസീം പ്രവിശ്യയില്‍ ഈ നിയമം നടപ്പിലാക്കി തുടങ്ങും.