ഓസ്‌ട്രേലിയയില്‍ ചരിത്രമായി മാറിയ ഒരു മുലയൂട്ടല്‍
സിഡ്നി: പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്നതുമായി ബന്ധപ്പെട്ടു സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ട്. കുരുന്നുകളുമായി ജോലിയ്ക്കെത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചവര്‍ ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. അതുപോലൊരു റിപ്പോര്‍ട്ട് ഓസ്‌ട്രേലിയയില്‍ നിന്നും.
ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ കുഞ്ഞിനെ മുലയൂട്ടിയ ആദ്യ രാഷ്ട്രീയ വനിതാ ലാരിസ വാട്ടേഴ്സിന്റെ ചിത്രമാണ് രാജ്യാന്തര മാധ്യമങ്ങളില്‍ നിറഞ്ഞത്. പാര്‍ലമെന്റില്‍ ആദ്യമായി മുലയൂട്ടി ചരിത്രംകുറിച്ചു എന്നൊക്കെയാണ് മാധ്യമങ്ങള്‍ എഴുതിയത്.
ഇടതുപക്ഷ ഗ്രീന്‍സ് പാര്‍ട്ടി അംഗമാണ് വാട്ടേഴ്സ്. പ്രസവ അവധി കഴിഞ്ഞ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ തിരിച്ചെത്തിയ അവര്‍ രണ്ടു മാസം പ്രായമുള്ള രണ്ടാമത്തെ മകള്‍ അലിയ ജോയിയേയും കൂട്ടിയാണ് എത്തിയത്. സഭയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ വിശന്നു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടാന്‍ വാട്ടേഴ്സ് മടിച്ചില്ല.
ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ആദ്യമായാണ് ഒരു അംഗം കുഞ്ഞിനെ മുലയൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ ഇരുന്ന് അംഗങ്ങള്‍ക്ക് മൂലയൂട്ടാന്‍ അനുമതി നല്‍കിക്കൊണ്ട് നിയമത്തില്‍ വരുത്തിയ ഭേദഗതിയാണ് വാട്ടേഴ്സിന് ആശ്വാസമായത്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം പാര്‍ലമെന്റില്‍ മുലയൂട്ടുന്ന ആദ്യ അംഗമാണ് വാട്ടേഴ്സ്. അതേസമയം ഇതുവരെ ആരും അതിന് ധൈര്യപ്പെട്ടിരുന്നില്ല.
എട്ടുവര്‍ഷം മുമ്പ് രണ്ടു വയസുള്ള മകളുമായി വന്ന ഗ്രീന്‍സ് പാര്‍ട്ടി അംഗം സാറ ഹന്‍സണ്‍ യങിനെ പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയിരുന്നു. ഓസ്ട്രേലിയയുടെ പാര്‍ലമെന്റില്‍ ഇരുന്ന് പാല്‍കുടിച്ച ആദ്യ കുഞ്ഞ് തന്റെ മകളായതില്‍ അഭിമാനിക്കുന്നതായി വാട്ടേഴ്സ് ട്വിറ്ററില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ കൂടുതല്‍ അമ്മമാരും രക്ഷിതാക്കളും എത്തട്ടെയെന്നം അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടി ഒരു ഐസ് ലാന്‍ഡ് എംപിയും മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു.