പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍: കേരളത്തില്‍ ഇപ്പോള്‍ തൊഴിലില്ല, നിക്ഷേപമില്ല, ഭക്ഷണമില്ല!

തിരുവനന്തപുരം: നിയമസഭാംഗമല്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍ സഭയ്ക്ക് പുറത്ത് ഉന്നയിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകട്ടെയെന്ന് ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍. മന്ത്രി ജി സുധാകരന്‍ കിഫ്ബിക്കെതിരെ പ്രതികരിച്ചു എന്ന വിഷയം സഭയില്‍ ചര്‍ച്ചയായപ്പോഴായിരുന്നു മുഖ്യമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ തിരിഞ്ഞത്.

കേരളത്തിലെ സര്‍ക്കാര്‍ തോല്‍പ്പിച്ചത് ജനങ്ങളെയാണെന്നും, 2016-17 കേരളത്തിന്റെ ഏറ്റവും മോശം രാഷ്ട്രീയ സാമ്പത്തിക വര്‍ഷമാണെന്നും, മുഖ്യമന്ത്രി നടത്തുന്ന ഭീഷണികള്‍ ഭരണപരാജയം മൂടിവെക്കാനുമാണെന്നു ചന്ദ്രശേഖര്‍ ആരോപിച്ചു.

കുറ്റകൃത്യങ്ങളും മൂന്നാര്‍ കൈയേറ്റങ്ങളും ഭീഷണികളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയാണ്. കേരളത്തില്‍ ഇപ്പോള്‍ തൊഴിലില്ല, നിക്ഷേപമില്ല, ഭക്ഷണമില്ല. മുഖ്യമന്ത്രി തനിക്കെതിരെ തിരിയുന്നതിന് പിന്നില്‍ മൂന്നാര്‍ വിഷയത്തില്‍ അടക്കം താന്‍ നടത്തിയ ശക്തമായ ഇടപെടലുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.