എസ് ബി ഐ സര്‍വീസ് ചാര്‍ജ്: അമിത ഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് അരുണ്‍ ജെയ്റ്റ്‌ലിയോട് രമേശ് ചെന്നിത്തല

തിരുവനന്തപുരം:സര്‍വ്വീസ് ചാര്‍ജ്ജുകളുടെ പേരില്‍ എസ് ബി ഐ ഉപഭോക്താക്കളില്‍ നിന്ന്തുക ഈടാക്കുന്ന നടപടി പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് ചെന്നിത്തല കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു.

ബാങ്കിംഗ് ഇടപാടുകള്‍ക്ക് വിവിധ പേരുകള്‍ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഈടാക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണ്. എ ടി എം സര്‍വ്വീസ് ചാര്‍ജ്ജ് പിന്‍വലിക്കുന്നത് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. മറ്റു ഷെഡ്യുള്‍ഡ് ബാങ്കുകളൊന്നും ചെയ്യാത്തരീതിയിലുള്ള ഇത്തരം ജനവിരുദ്ധ നടപടിയുമായി എസ് ബി ഐ മുന്നോട്ട് പോകുന്നത് നിര്‍ഭാഗ്യകരമാണ്. കാഷ് ലെസ് വിനിമയമാണ് ഇതു വഴി എസ് ബി ഐ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് മറ്റു വഴികള്‍ തേടേണ്ടതിന് പകരം സാധാരണക്കാരായ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ഇത്തരം തിരുമാനങ്ങളുമായി മുന്നോട്ടു പോകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ ചെന്നിത്തല സൂചിപ്പിച്ചു.

ജനങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നിരിക്കെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്ക് ഇത്തരത്തില്‍ ഉപഭോക്താക്കളെ പിഴിയുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.