കാല്‍പന്ത് പൂരം അനന്തപുരിയിലേക്കും ; പുതിയ ടീമിനായുള്ള പട്ടികയില്‍ ഐ.എസ്.എല്‍ അധികൃതര്‍ തിരുവനന്തപുരത്തെയും പരിഗണിക്കുന്നു
തിരുവനന്തപുരം: കാല്‍പന്തുകളിയുടെ ആവേശം അനന്തപുരിയിലേക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന് ഒരു ടീം കൂടി എത്തിയേക്കും. ഐ.എസ്.എല്‍ നാലാം സീസണില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ 10 നഗരങ്ങളില്‍ നിന്നുള്ള ടീമുകളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതുതായി മൂന്ന് നഗരങ്ങളിലെ ടീമുകളെ ലീഗില്‍ ഉള്‍പ്പെടുത്താനാണ് ഐ.എസ്.എല്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. ടീമുകള്‍ രൂപീകരിക്കാന്‍ ഐ.എസ്.എല്‍ അധികൃതര്‍ ലേലം നടത്താന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തിന് പുറമേ അഹമ്മദാബാദ്, ബംഗളൂരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി, സില്ലിഗുരി നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ന് മുതല്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി. ലേലത്തില്‍ വിജയിക്കുന്ന ആദ്യ മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്തി നാലാം പതിപ്പില്‍ ഐ.എസ്.എല്‍ 11 ടീമുകളുടെ പങ്കാളിത്തം ഉണ്ടാവും. നിലവില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ എട്ട് ടീമുകള്‍ ഐ.എസ്.എല്ലില്‍ കളിക്കുന്നുണ്ട്.
ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് കേരളത്തില്‍ നിന്നും ലഭിക്കുന്ന വന്‍ സ്വീകാര്യതയാണ് സംസ്ഥാനത്തെ ഏതെങ്കിലും ഒരു നഗരത്തെ കേന്ദ്രമാക്കി ഒരു ടീം കൂടി തുടങ്ങാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തിന്റെ പേരില്‍ ടീം തുടങ്ങാന്‍ വന്‍കിട കമ്പനികള്‍ മുന്നോട്ടു വന്നതായി റിപ്പോര്‍ട്ടുണ്ട്.