നഴ്സുമാരുടെ ദുരിതത്തിന് അറുതിയില്ല ; ശമ്പളം 20,000 ല്‍ കുറയരുതെന്ന സുംപ്രീംകോടതി സമിതി നിര്‍ദേശവും നടപ്പായില്ല : സ്വകാര്യആതുരമേഖലയിലെ മാലാഖമാര്‍ പ്രക്ഷോഭ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു
കൊച്ചി: ഇന്ന് ലോകം നഴ്സസ് ദിനം ആഘോഷിക്കുകയാണ്. എന്നാല്‍, കേരളത്തിലെ ആതുരമേഖലയിലെ മാലാഖമാരുടെ ദുരിതത്തിന് അറുതിയില്ല. വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. ശമ്പള പരിഷ്കരണമൊക്കെ കടലാസില്‍ ഉറപ്പുകളായി അവശേഷിക്കുന്നു. ജീവിക്കാനായുള്ള അവകാശത്തിനായി സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന നഴ്സുമാര്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വീണ്ടുമൊരു പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
2016ല്‍ ശമ്പള പരിഷ്കരണം ഉണ്ടാകുമെന്ന ഉറപ്പ് ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് പുതിയ പ്രക്ഷോഭത്തിന് ന്ഴ്സുമാര്‍ തയ്യാറെടുക്കുന്നത്. സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളി തുടരുന്നതാണ് നഴ്സുമാരുടെ ദുരിതത്തിന് കാരണം. കേരളത്തിന്റെ പ്രക്ഷോഭ ചരിത്രത്തില്‍ വേറിട്ടൊരധ്യായം എഴുതി ചേര്‍ക്കുന്നതായിരുന്നു 2011-12 കാലത്തെ നഴ്സുമാരുടെ സമരം.
ആ പ്രക്ഷോഭത്തിന്റെ വിജയം താല്‍ക്കാലികം മാത്രമായിരുന്നു. താല്‍്കാലികമായി ശമ്പള വര്‍ധനവ് നടപ്പായത് ഒഴിച്ചാല്‍ മറ്റ് നേട്ടങ്ങളൊന്നും ഉണ്ടായില്ല. 2013 ല്‍ പ്രക്ഷോഭത്തിന്റെ അനന്തരഫലമായി ശമ്പളം കൂട്ടി. 2016 ജനുവരിയില്‍ വീണ്ടും ശമ്പള പരിഷ്കരണമുണ്ടാകുമെന്ന് സര്‍ക്കാര്‍ അന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇതിനെതിരേ 2016 ഫെബ്രുവരിയില്‍ നഴ്സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഉറക്കം വിട്ടുണര്‍ന്ന അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മിനിമം വേതനം പുതുക്കി നല്‍കുന്നത് പരിശോധിക്കാനായി സമിതിയെ നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായി നിയോഗിച്ച സമിതി ഇപ്പോഴും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്നിട്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാതെ നീളുന്നു. ഇതോടെയാണ് നഴ്സുമാര്‍ വീണ്ടുമൊരു സമരത്തിലേക്ക് നീങ്ങുന്നത്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ജൂണ്‍ ഒന്നുമുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രീംകോടതി 2016 ല്‍ നിയോഗിച്ച സമിതി നഴ്സുമാരുടെ ശമ്പളം 20000 കുറയരുതെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ശമ്പള പരിഷ്കാരത്തിന് കേന്ദ്രമോ സംസ്ഥാനങ്ങളോ നിയമനിര്‍മാണം നടത്തണമെന്നും ശുപാര്‍ശ ചെയ്തു.
എന്നാല്‍, ഇതൊന്നും നടപ്പാക്കപ്പെട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ എമിഗ്രേഷന്‍ നിയമം വന്നതോടെ വിദേശ ജോലി സാധ്യത കുറഞ്ഞു. നാട്ടില്‍ മാന്യമായ വേതനം വേണമെന്ന ആവശ്യം നഴ്സുമാര്‍ ഉയര്‍ത്തുമ്പോഴും നടപടി എടുക്കേണ്ടവര്‍ മുഖം തിരിഞ്ഞു നില്‍പ്പാണ്.