അബു കസം ലോകത്തെ ഞെട്ടിച്ചു: 100 കിലോ പ്ലാസ്റ്റിക്കില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍; യുദ്ധക്കെടുതിക്കിടെ സിറിയില്‍ നിന്നൊരു പുതിയ കണ്ടുപിടുത്തം
ഡമാസ്‌കസ്: യുദ്ധക്കെടുതി വിതച്ച നാശവും അഭയാര്‍ഥികളായി അലയേണ്ടി വരുന്ന ദുരന്തവും മാത്രം അനുഭവിക്കുന്ന സിറയന്‍ ജനത. ഏത് നിമിഷവും തലയ്ക്ക് മുകളില്‍ പതിക്കാവുന്ന സഖ്യസേനയുടെയും ഭരണകൂടത്തിന്റെയും ബോംബുകള്‍. ദുരന്തങ്ങളുടെ സിറിയയില്‍ നിന്നും ലോകത്തിന് പ്രതീക്ഷയായി പുതിയൊരു കണ്ടുപിടുത്തം എത്തിയിരിക്കുന്നു. ലോകത്തിന് ദുരിതമായി മാറിയ പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം ഉല്‍പാദിപ്പിച്ചിരിക്കന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് ഇന്ധനം ഉല്‍പാദിപ്പിക്കാനുള്ള പുതിയ സാങ്കേതികവിദ്യ സിറിയന്‍ തൊഴിലാളിയായ അബു കസമാണ് വികസിപ്പിച്ചെടുത്തത്.
വിമതര്‍ക്കെതിരേ സിറിയന്‍ സര്‍ക്കാര്‍ സൈനിക നടപടികള്‍ ശക്തമാക്കിയതോടെ രാജ്യത്ത് ഇന്ധനവില കുതിച്ചുയര്‍ന്ന സ്ഥിതിയിലാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഇന്ധനം വാങ്ങാനാകാതെ കര്‍ഷകരും തൊഴിലാളികളും രൂക്ഷമായ പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരം തേടി ചില സിറിയന്‍ തൊഴിലാളികള്‍ നടത്തിയ അന്വേഷണമാണ് പുതിയ് ഇന്ധനോത്പാദനത്തിന് വഴി തുറന്നത്. പ്ലാസ്റ്റിക് മാലിന്യം ഉയര്‍ന്ന താപനിലയില്‍ ചൂടാക്കി, അതില്‍ നിന്ന് പ്രത്യേക രീതിയില്‍ ഇന്ധനം വേര്‍തിരിച്ചെടുക്കുന്ന രീതി വികസിപ്പിച്ചെടുത്തത് അബു കസം എന്ന നിര്‍മാണ തൊഴിലാളിയാണ്. ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷണങ്ങളാണ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന കണ്ടുപിടിത്തത്തിലേക്ക് അബു കസമിനെ എത്തിച്ചത്.
കുടുംബാംഗങ്ങള്‍ പലയിടങ്ങളില്‍ നിന്നായി പെറുക്കിക്കൊണ്ടു വന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ഉപയോഗിച്ചായിരുന്നു അബു കസമിന്റെ പരീക്ഷണം. മൂന്നര വര്‍ഷത്തോളമായി അബു കസം തന്റെ മൂന്നു മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പരീക്ഷണം തുടങ്ങിയിട്ട്. നിലവില്‍ 800 മുതല്‍ 1000 കിലോ പ്ലാസ്റ്റിക് വരെ ഒരു ദിവസം ഇവിടെ സംസ്‌കരിച്ച് ഇന്ധനമുണ്ടാക്കുന്നുണ്ട്. 100 കിലോ പ്ലാസ്റ്റിക്കില്‍ നിന്ന് ഏകദേശം 85 ലിറ്റര്‍ വരെ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് ഇവര്‍ വ്യക്തമാക്കിയിട്ടുള്ളത്.