ലോകത്തെ നടുക്കി സൈബര്‍ ആക്രമണം ; നടന്നത് 74 രാജ്യങ്ങളിലായി 45000 ആക്രമണങ്ങള്‍ ; ഇന്ത്യയും ഇര
വിവിധ രാജ്യങ്ങളിലായി ഒരേ സമയം നടന്ന സൈബര്‍ ആക്രമണത്തില്‍ നടുങ്ങി ലോകം. ഇന്ത്യ ഉള്‍പ്പെടെ 74 രാജ്യങ്ങളിലായി 45000 സൈബര്‍ ആക്രമണങ്ങളുണ്ടായതായും ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലെ എന്‍.എച്ച്.എസ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും സൈബര്‍ സേക്യൂരിറ്റി കമ്പനിയായ കാസ്‌പേറസ്‌കി അറിയിച്ചു. സംഭവത്തില്‍ നൂറോളം ലോകരാജ്യങ്ങളിലെ ദേശീയ ഏജന്‍സികളുടെ കമ്പ്യൂട്ടര്‍ ശൃംഘലകളടക്കം ആക്രമിക്കപ്പെട്ടു. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പൊലീസ് വകുപ്പിന്റെ കംപ്യൂട്ടര്‍ ശൃംഖലയാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. സൈബര്‍ ലോകം ഇന്നുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ വൈറസ് ആക്രമണങ്ങളിലൊന്നാണിത്.
റാന്‍സംവെര്‍ ഇന്‍ഫെക്ഷന്‍ എന്നറിയപ്പെടുന്ന ആക്രമണമാണ് നടന്നത്. ഫയലുകള്‍ രഹസ്യകോഡുകളിലേക്ക് എന്‍ക്രിപ്റ്റ് ചെയ്തശേഷം തിരികെ കിട്ടാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമയക്കുകയാണ് ഈ സൈബര്‍ ആക്രമണത്തിന്റെ രീതി. ആക്രമണത്തിനിരയായ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി തയ്യാറാക്കിയ പ്രോഗ്രാം, ഷാഡോ ബ്രോക്കേഴ്‌സ് എന്നറിയപ്പെടുന്ന കുപ്രസിദ്ധരായ ഹാക്കര്‍ സംഘം മോഷ്ടിച്ച് സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുകയായിരുന്നു. റാന്‍സംവെര്‍ വൈറസിന്റെ ആക്രമണം നേരത്തേ കണ്ടുതുടങ്ങിയെങ്കിലും ഇത്തരത്തില്‍ വ്യാപകമായി സംഘടിത ആക്രമണം നടക്കുന്നത് ഇതാദ്യമാണ്. ബ്രിട്ടനിലെ ആശുപത്രികള്‍, സ്പാനിഷ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ ശൃംഘലകള്‍ മുതല്‍ യുകെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വരെ ആക്രമിക്കപ്പെട്ടു. ആരോഗ്യമേഖലയെയാണ് ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കമ്പ്യൂട്ടര്‍ ശൃഖല തകരാറിലായതിനെത്തുടര്‍ന്ന് ബ്രിട്ടനിലും അമേരിക്കയിലും അടിയന്തരസ്വഭാവമുള്ള നിരവധി ശസ്ത്രക്രിയകള്‍ പോലും മാറ്റിവയ്‌ക്കേണ്ടിവന്നു.
അമേരിക്ക, റഷ്യ, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ തായ്!വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം റാന്‍സംവെര്‍ ആക്രമണത്തിന്റെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്പാനിഷ് ടെലകോം കമ്പനിയായ ടെലഫോണിക, വൈദ്യുതിവിതരണ ഏജന്‍സി ഇവര്‍ഡോള എന്നിവയുടെ പ്രവര്‍ത്തനത്തെ വൈറസ് ആക്രമണം ഗുരുതരമായി ബാധിച്ചു. പോര്‍ച്ചുഗല്‍ ടെലകോം കമ്പനി ഫെഡക്‌സ്, റഷ്യന്‍ മൊബൈല്‍ ഫോണ്‍ നെറ്റ്!വര്‍ക്ക് മെഗാഫോണ്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും റാന്‍സംവെര്‍ ബാധിച്ചു. ആന്റി വൈറസ് നിര്‍മ്മാണ കമ്പനിയായ അവാസ്റ്റ് മാത്രം 75,000 വൈറസ് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.