പൂഞ്ഞാര്‍ പുലിയുടെ കൈകളില്‍ ‘പിസ്റ്റളും ട്വെല്‍വ് ബോറും’; ആശാന്റെ വരവില്‍ ഞെട്ടിത്തരിച്ച് കോട്ടയം എ.ആര്‍ ക്യാംപ്

‘എങ്ങനെ വെടിവെയ്ക്കാം’, ആശാന്റെ ക്ലാസില്‍ നല്ലകുട്ടികളായി തോക്കുടമകള്‍

കോട്ടയം: ഇടത് കൈയില്‍ ചെക്കോസ്‌ലോവാക്യന്‍ പിസ്റ്റളും വലതു കൈയില്‍ ട്വെല്‍വ് ബോറും. ഇരുകൈകളിലും തോക്കേന്തി പൂഞ്ഞാര്‍ പുലി പി.സി ജോര്‍ജ് എം.എല്‍.എ കോട്ടയം എ.ആര്‍ ക്യാംപില്‍ വന്നിറങ്ങിയപ്പോള്‍ കണ്ടു നിന്നവരെല്ലാം ആകെയൊന്നു ഞെട്ടി. പൂഞ്ഞാര്‍ ആശാന്റെ നാക്കിനെ എല്ലാവര്‍ക്കും പേടിയാണ്. നാക്കിന്റെ ചൂടറിയാത്തവര്‍ വിരളം. ഇതിനെല്ലാം ഇടേയാണ് ആശാന്‍ രണ്ടു കൈയിലും തോക്കുമായി കാറില്‍ വന്നിറങ്ങിയത്. പിന്നെങ്ങനെ ഞെട്ടാതിരിക്കും.

തോക്കുമായി പി.സി വേട്ടക്കിറങ്ങിയതല്ല. ജില്ലയില്‍ തോക്ക് കൈവശം വച്ചിരിക്കുന്നവര്‍ക്കായി ജില്ലാ പോലീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള വരവായിരുന്നു അത്. പി.സി ജോര്‍ജ് തോക്കുകളുമായി വന്നതോടെ പോലീസിനും അത് ആശ്വാസമായി. തോക്കുള്ളവരെ ബോധവത്കരിക്കുനന് ചുമതലയും പി.സി ഭംഗിയായി നിര്‍വഹിച്ചു. തോക്ക് ഉപയോഗിക്കും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി തന്നെ പി.സി ജോര്‍ജ് ക്ലാസ് എടുത്തു. തോക്ക് ഉപയോഗിക്കുന്നവര്‍ക്കും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പി.സി ആശാനായി മാറി.

എ.ആര്‍ ക്യാംപിലേക്കുള്ള വരവ് തന്നെ ഒരൊന്നൊന്നര വരവായിരുന്നു. രണ്ട് കൈകളിലും തോക്കുമേന്തി വാഹനത്തില്‍ നിന്നിറങ്ങിയ പി.സി നേരെ സ്റ്റേജിലേക്ക് കയറി. സ്വന്തമായി തോക്കുള്ളവര്‍ക്കും പൂഞ്ഞാര്‍ പുലിയുടെ കൈയിലുള്ള തോക്ക് കണ്ടപ്പോള്‍ ഏറെ കൗതുകം. തോക്കു ചൂണ്ടിയും ഉന്നം പിടിച്ചും പി.സി ജോര്‍ജ് എങ്ങനെ വെടിവയ്ക്കണം എന്ന വിഷയത്തില്‍ സ്റ്റഡി ക്ലാസ് എടുത്തു.

തോക്ക് എപ്പോഴും തന്റെ സന്തത സഹചാരി തന്നെയാണെന്ന് പി.സി. തോക്ക് എടുത്തു എന്ന പേരുദോഷം തനിക്കുണ്ടെങ്കിലും വെടിപൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നു വിശദീകരണം. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേ കുറിച്ചുള്ള അജ്ഞത പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് ഇടവരുത്താറുണ്ടെന്ന് പി.സി പറഞ്ഞു.

തോക്ക് ഉള്ളതൊക്കെ നല്ലത്. കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ വലിയ അപടകടങ്ങളില്‍ ചെന്നു ചാടുമെന്നും ഉപദേശവും മുന്നറീപ്പും. തോക്കിന്റെ കാര്യത്തില്‍ ആശാന്‍ വിശദമായ ക്ലാസ് നയിച്ചതോടെ പോലീസിന്റെ പണിയും പാതി കുറഞ്ഞു. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 1500 പേരാണ് ബോധവല്‍ക്കരണ പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.