കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെ വെക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെ വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ സി.പി.എമ്മും ആര്‍.എസ്.എസും ആയുധം താഴെ വയ്ക്കണം.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായിരിക്കുന്നത്. അവിടെ നടത്തിയ സമാധാന ശ്രമങ്ങള്‍ ആത്മാര്‍ത്ഥതയോടെയല്ലെന്നാണ് ഇത് കാണിക്കുന്നത്. പുറത്ത് സമാധാനം പ്രസംഗിക്കുകയും ഉള്ളില്‍ ആയുധത്തിന് മൂര്‍ച്ച കൂട്ടുകയുമാണ് ഇരു കക്ഷികളും ചെയ്യുന്നത്. ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂരില്‍ എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്.

സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷികളുടെ ആഭിമുഖ്യത്തിലാണ് ഈ അരും കൊലകള്‍ നടക്കുന്നത് എന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. സമാധാനം നിലനിര്‍ത്താന്‍ ബാദ്ധ്യതയുള്ള ഇരു പാര്‍ട്ടികളും ചേര്‍ന്ന് കേരളത്തില്‍ ക്രമസമാധാന നില തകര്‍ക്കുകയാണ്.

ഇനിയെങ്കിലും ഈ ചോരക്കളി അവസാനിപ്പിക്കാനുള്ള വിവേകം ഇരു കക്ഷികളുടെയും നേതൃത്വം കാണിക്കണം. കൊലപാകതകങ്ങള്‍ അവസാനിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.