വേശാവൃത്തിയിലേക്ക് എടുത്തെറിയപ്പെട്ട സോനാഗച്ചിയെന്ന ചുവന്ന തെരുവിലെ പെണ്‍ ജീവിതങ്ങളുടെ നേര്‍ ചിത്രങ്ങള്‍

ദയനീയത…ആ വികാരം അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളോടും കൂടി ഞാന്‍ മനസ്സിലാക്കിയത് അന്നാണ്!

2012 എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്ന വര്‍ഷമായിരുന്നു. എനിക്ക് എന്റെ സൗഹൃദവലയം നഷ്ടപ്പെട്ട വര്‍ഷം. ആ കാലത്തായിരുന്നു ഞാന്‍ മനസ്സിലാക്കിയത് ആ സൗഹൃദവലയം എന്നില്‍ എത്ര വലിയ ഗര്‍ത്തം സൃഷ്ടിച്ചായിരുന്നു കടന്നുപോയതെന്ന്.

ആ വിടവ് നികത്താന്‍ എനിക്ക് പുതിയ അനുജന്മാരെയും അനുജത്തിമാരെയും കൂട്ടുപിടിക്കേണ്ടി വന്നു. കരിമഠം കോളനിയില്‍ സര്‍വ്വേ നടത്തേണ്ടി വന്നു. എന്നിട്ടും നികത്താന്‍ കഴിയാതെ, വായന ശീലം വളര്‍ത്തിയെടുത്തു. അല്പസ്വല്പം എഴുത്തുകുത്തുകള്‍ നടത്തി. യാത്ര ചെയ്തു. ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാന്‍ ഗ്രാമങ്ങളിലേക്കുളള യാത്ര. സാധാരണജനങ്ങളിലേക്ക്, അവരുടെ ജീവിതത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര…

എന്‍ഡോസള്‍ഫാന്‍ വിഷ മഴയായി പെയ്തിറങ്ങിയ കാസര്‍ഗോഡ്. സ്വബോധം ഉണ്ടായിട്ടും തൊലി അടര്‍ന്നുപോകുന്ന നീറ്റലും പുകച്ചിലും ആരോടും പറയാനാകാതെ ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞുങ്ങളെ പോലെ അടിവസ്ത്രം മാത്രം ധരിച്ച് നിലത്ത് കിടന്നു പിടയുന്ന ആര്യയെയും, വിപിനെയും കണ്ടപ്പോഴും ദയനീയത എന്ന വാക്കിന്റെ അര്‍ത്ഥം കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട്, അസം കലാപ സമയത്ത് തുടയെല്ലുകള്‍ തകര്‍ക്കപെട്ടു കിടപ്പിലായ മുഹമ്മദ്, ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും കൃത്യമായി ലഭ്യമല്ലാത്ത ഒരു ക്യാമ്പില്‍ മലേറിയ ബാധിച്ച് ചികിത്സ പോലും കിട്ടാതെ പോയ മുനീസ ബീഗം, എല്ലുകള്‍ പൊട്ടിപോയ, പകര്‍ച്ചവ്യാധികള്‍ പിടിപെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങളെ, അക്രമകാരികള്‍ അവശേഷിപ്പിച്ചുപോയ അവരുടെ കണ്ണിലെ ഭയത്തെ തിരിച്ചറിഞ്ഞിട്ടും, അവരുടെ ഭാവി എന്താകുമെന്ന് ആശങ്കയുണ്ടായിട്ടും, ദയനീയത എന്ന വാക്കിന്റെ അര്‍ഥം പൂര്‍ണമായും എനിക്ക് മനസ്സിലായില്ല…

കല്‍ക്കട്ട …എനിക്ക്, ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ മലയാള മണ്ണിനോടുള്ള സ്വാര്‍ത്ഥമായ സ്‌നേഹം കഴിഞ്ഞാല്‍ പിന്നെ ഒരു ഇഷ്ടമുണ്ടെങ്കില്‍ അത് കല്‍ക്കട്ടയോടാണ്…കൊല്‍ക്കത്ത എന്നു മാറ്റി നാമകരണം ചെയ്‌തെങ്കിലും കല്‍ക്കട്ട ഒരു ഗൃഹാതുരത്വം ഉണ്ടാക്കാറുണ്ട്; ആ നാടും…റോഡില്‍ ഇന്നും ഓടിക്കൊണ്ടിരിക്കുന്ന ട്രാം, സൈക്കിള്‍ റിക്ഷ, ഗ്രേറ്റ് ഇന്ത്യന്‍ മ്യൂസിയം, കളിമണ്ണ് കോപ്പയിലെ ചായ, ഹൗറ ബ്രിഡ്ജ് അങ്ങനെ നീണ്ടു പോകും ആ ലിസ്റ്റ്.

രബീന്ദ്രനാഥ ടാഗോറും, ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും മുതല്‍ കിഷോര്‍ കുമാറും മന്നാടെയും സലില്‍ ചൗധുരിയും എസ്.ഡി ബര്‍മാനും ശ്രേയ ഘോഷാലും വരെ…

രാജ റാം മോഹന്‍ റോയും ശ്രീ ഓറോ ബിന്ദോ മുതല്‍ നേതാജി ഡബ്ലു.സി. ബാനര്‍ജിയും സുരേന്ദ്രനാഥ് ബാനര്‍ജിയും ബിപിന്‍ ചന്ദ്രപാലും വരെ.

സത്യജിത് റേ മുതല്‍ ബാപ്പി ലാഹിരി ഋതുപര്‍ണ ഘോഷ് വരെ.
സത്യേന്ദ്രനാഥ് ബോസ് മുതല്‍ അമര്‍ത്യ സെന്‍ വരെ ..
മുഹമ്മദ് അലി ഖമ്മര്‍ മുതല്‍ ആരതി സഹയും ലിയാണ്ടര്‍ പേസും വരെ. നക്‌സല്‍ബാരി ചാരു മജുന്‍ഡാര്‍ മുതല്‍ മമത ബാനര്‍ജിയും പ്രണബ് കുമാര്‍ മുഖര്‍ജിയും വരെ.

സ്വാമി വിവേകാനന്ദന്‍, രാമകൃഷ്ണ പരമഹംസന്‍, ശാരദ ദേവി, പി.ടി രവി ശങ്കര്‍, സുസ്മിത സെന്‍, ഇന്ദ്രാണി സെന്‍ കുമാര്‍,സാനു മഹാശ്വേതാ ദേവി.

ജന്മം കൊണ്ടല്ലെങ്കിലും കര്‍മം കൊണ്ട് കല്‍ക്കട്ടകാരിയായി മാറിയ, ഒരുപക്ഷെ വിട്ടുപോയാല്‍ ഏറ്റവും വലിയ നീതികേടാകുമായിരുന്ന നാമം മദര്‍ തെരേസ.

അങ്ങനെ പറഞ്ഞാല്‍ തീരാത്ത, എണ്ണിയാല്‍ ഒടുങ്ങാത്ത, എത്രയോ പേര്‍ ജനിച്ചു ജീവിച്ചു മരിച്ച മണ്ണ്. ഒരുപക്ഷെ അവരുടെ വിയര്‍പ്പു പോലെ തന്നെ രക്തത്തുള്ളികള്‍ കൂടി ഇറ്റുവീണ മണ്ണ്. ഒരു വലിയ ചരിത്രവും സംസ്‌കാരവും ഇഴ ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടാകാം ആ നാടിനെ ഞാനിത്ര കണ്ട് പ്രണയിച്ചുപോയത്.

ആധുനിക യുഗത്തില്‍ മെട്രോ നഗരങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചുവന്ന തെരുവുകള്‍. ആരുടെയൊക്കെയോ കാമനകള്‍ക്കു വേണ്ടി, മനുഷ്യരെന്ന പരിഗണന പോലും ലഭിക്കാതെ നിന്നുകൊടുക്കേണ്ടി വരുന്നവരെ തിങ്ങിപാര്‍പ്പിച്ച ഇടങ്ങള്‍…’മറ്റു സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടി’ എന്ന കേട്ടാല്‍ പൊള്ളുന്ന ന്യായീകരണത്താല്‍ സര്‍ക്കാരും കൂട്ടുനില്‍ക്കുന്ന, ഗുണ്ടാ വിളയാട്ടങ്ങളുടെ വ്യഭിചാരകേന്ദ്രങ്ങള്‍; അല്ല അറവുശാലകള്‍. കാല്‍ക്കട്ടയിലുമുണ്ട് അത്തരമൊരു അറവുശാല-സോനാഗച്ചി!

കല്‍ക്കട്ടയിലെ യാത്രയില്‍ സോനാഗച്ചി കൂടി ഉള്‍പെട്ടിട്ടുണ്ടായിരുന്നു. അവരുടെ അനുഭവം, ബുദ്ധിമുട്ടുകള്‍ ഇവ പുറംലോകത്തെ അറിയിക്കാന്‍ ഒരു വീഡിയോ ഫൂട്ടേജ് എന്നത് ലക്ഷ്യമായിരുന്നു. പെന്‍ ക്യാമറയും മറ്റു സജ്ജീകരണങ്ങളുമായാണ് പോയത്. പക്ഷെ, അന്നാണ് മനസ്സിലായത്, പ്രതീക്ഷിച്ചതിനുമപ്പുറം NGOയെ കുറിച്ച് ഭീകരത ആരൊക്കെയോ അവിടെ സൃഷ്ടിക്കുന്നുണ്ടെന്ന്. ആവശ്യക്കാരായല്ലാതെ വരുന്നവരെ എത്ര എത്ര സംശയകണ്ണുകളാണ് നിരീക്ഷിക്കുന്നതെന്ന്.

പെണ്ണുടലുകളല്ലാതെ മറ്റെന്താണ് ഇവര്‍ ഇവിടെ തിരയുന്നതെന്ന് എത്രപെട്ടെന്നാണ് അവര്‍ സംശയിക്കുന്നത്! മുന്‍പേ അന്വേഷിച്ചു വെച്ചതൊക്കെയും സത്യമാണെന്നു ബോധ്യപ്പെടുന്ന വിധം, വെടി വെച്ചിടാനോ, വെട്ടിക്കൊല്ലാനോ മടിക്കാത്ത എത്രയോ ക്രൗര്യമുഖങ്ങളെ അവിടെ കണ്ടു.കല്‍ക്കട്ടയിലെ അഴുക്കുചാലുകളില്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത എത്രയോ പച്ചമനുഷ്യ ശരീരങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത് പുതുമയുള്ള കാര്യമല്ല .. വീഡിയോ ഫൂട്ടേജ് എന്ന ലക്ഷ്യം അങ്ങനെ ഉപേക്ഷിക്കപ്പെട്ടു.

രാവിലെ ഏകദേശം 7 മണിക്കായിരുന്നു സോനാഗച്ചിയില്‍ എത്തിയത്. ‘കല്‍ക്കട്ട ന്യൂസ്’ എന്ന മലയാളം ചലച്ചിത്രം അവിടത്തെ അവസ്ഥയുടെ ഏകദേശ രൂപം തന്നിരുന്നു. എങ്ങനെയാണ് അത്തരമൊരു ഭീകരാവസ്ഥയില്‍ അങ്ങനെയൊരു മലയാളം ചിത്രം അവിടെവെച്ചു ചിത്രീകരിച്ചത് എന്നത് ഒരു പ്രഹേളികയായി തുടരുന്നു. സമയം രാവിലെ 7 ആയിട്ടുള്ളുവെങ്കിലും, തലേ ദിവസത്തെ ആലസ്യം വിട്ടുമാറിയിട്ടില്ലാത്ത ആ തെരുവിലെ റോഡിനു ഇരുവശത്തുമുളള കെട്ടിടങ്ങളുടെ മുന്നില്‍ സ്ത്രീകള്‍ വരി വരിയായി നില്‍ക്കാന്‍ തുടങ്ങിയിരുന്നു. അത്തരമൊരു കാഴ്ച ജീവിതത്തിലാദ്യമായായിരുന്നു. അവിടെ എത്തിപ്പെട്ടിട്ട് ഏറെ നാളായെന്ന് തോന്നിക്കുന്ന ഒരു 30കാരി വിളിച്ചു പറയുന്നുണ്ട്, ‘ആരേ മോട്ടൂ, ആരേ പത്താലേ രാജ്കുമാര്‍, ആവോ നാ, സിര്‍ഫ് സൗ റുപയേ..’

100 രൂപക്ക് ഒരു പെണ്ണുടല്‍, ഒരു മണിക്കൂര്‍ നേരത്തേക്ക് എന്തും ചെയ്യാം! സ്വന്തം ഭാര്യയോട് കാണിക്കാനാകാത്ത കാമ വൈകൃതങ്ങള്‍ കാണിക്കാന്‍, ജീവനുണ്ട്, ചോരയും നീരും വേദനയും വികാരവും അറപ്പും വെറുപ്പുമുണ്ട് എന്നുപോലും പരിഗണിക്കാതെ, ക്രൂരമായി ഭോഗിക്കാന്‍ വന്നവരാണ് എന്നറിഞ്ഞിട്ടും അവിടത്തെ സ്ത്രീകള്‍ ഇറച്ചി വില്പന നടത്തുകയാണ്, അല്ലെങ്കില്‍ നടത്തിക്കുകയാണ്. ജോലി വാഗ്ദാനം ചെയ്യപ്പെട്ടവര്‍, സ്‌നേഹവലയത്തില്‍ കുടുങ്ങി പോയവര്‍, തട്ടിക്കൊണ്ടു പോയവര്‍. അങ്ങനെ എത്ര എത്ര പേര്‍ …

എന്റെ സഹോദരിമാരെ, പെണ്‍സുഹൃത്തുക്കളെ… നിങ്ങളെത്ര ഭാഗ്യവതികള്‍! നിങ്ങളെപ്പോലെ അവര്‍ക്കുമുണ്ടായിരുന്നു സ്വപ്നങ്ങള്‍, മോഹങ്ങള്‍ …അവര്‍ക്കുമുണ്ടായിരുന്നു ബന്ധുക്കള്‍ സുഹൃത്തുക്കള്‍…പക്ഷെ ആരൊക്കെയോ അവരുടെ ജീവിതം പിച്ചിച്ചീന്തി …ഇന്നവര്‍ ഒരു ദിവസത്തില്‍ 18ഓളം പുരുഷന്മാരുടെ കാമദാഹം തീര്‍ക്കാന്‍ നിന്നുകൊടുക്കുകയാണ്. എന്തായിരിക്കും അവര്‍ക്കു കിട്ടുന്നുണ്ടാകുക, അടിയും തൊഴിയും ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണവും, ഇതല്ലാതെ മറ്റെന്ത്..??

ഒരു ദിവസത്തില്‍ 18 പുരുഷന്മാര്‍ ഓരോ മണിക്കൂര്‍ വീതം ഒരു സ്ത്രീയെ ഭോഗിച്ചാല്‍ എന്തായിരിക്കും അവളുടെ അവസ്ഥ …ഈ സ്ത്രീകള്‍ തങ്ങളുടെ കാമപൂര്‍ത്തീകരണത്തിനാണ് ഈ ‘സേവനം’ ചെയ്യുന്നതെന്ന് നമ്മുടെ സര്‍ക്കാരുകള്‍ വിചാരിക്കുന്നുണ്ടോ ?? നമ്മുടെ പൊതുസമൂഹം എന്തേ ഇത്ര സ്ത്രീവിരോധിയായി..? സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ ഒരിക്കലെങ്കിലും ഇവര്‍ക്കുവേണ്ടി വാദിച്ചിട്ടുണ്ടോ? ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ അവര്‍ എന്നെങ്കിലും സമരം ചെയ്തിട്ടുണ്ടോ??

ഏകദേശം 10000ത്തിലധികം സ്ത്രീകള്‍ സോനാഗച്ചിയില്‍ പണക്കൊതിയന്മാരായ ആരുടെയൊക്കെയോ നിര്‍ബന്ധനത്താല്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്…ഇവരെക്കൂടാതെ, പ്രായമായി ജീവച്ഛവമായവര്‍, പുഴുവരിച്ച വൃദ്ധസ്ത്രീകള്‍, ആര്‍ക്കും ആവശ്യമില്ലാതെ വന്നവര്‍, സ്വബോധം നഷ്ടപ്പെട്ടവര്‍, ആത്മഹത്യചെയ്യാന്‍ ഭയപ്പെടുന്നവര്‍… ഇവരൊക്കെയും ഇപ്പോഴും അവിടെ ഏതെങ്കിലും ഒരു മൂലയില്‍ ജീവിച്ചിരിക്കുന്നു.. അല്ല…ജീവന്‍ എങ്ങനെയൊക്കെയോ നിലനിര്‍ത്തപ്പെട്ടിട്ടുണ്ട്, അത്രമാത്രം!

നടന്നു നീങ്ങിയപ്പോള്‍ വഴിയരികില്‍ ഒരുപെണ്‍കുട്ടിയെ കണ്ടു …വെളുത്തു സുന്ദരിയാണ്…വെള്ള ചുരിദാര്‍ ആയിരുന്നു വേഷം… മംഗോളിയന്‍ മുഖം ആണ്. നേപ്പാളി അല്ലെങ്കില്‍ മേഘാലയ മിസോറം ഭാഗങ്ങളില്‍ നിന്നുള്ളവര്‍. അവളെയാണ് നോക്കുന്നതെന്നറിഞ്ഞപ്പോള്‍ ഭയപ്പെട്ടുവെന്ന് തോന്നുന്നു, പിന്നിലേക്ക് ഒന്ന് ഉള്‍വലിഞ്ഞു… അധികമായികാണില്ല ആ പാവത്തിനെ അങ്ങോട്ട് കൊണ്ടുവന്നിട്ട്. അവളുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു…’അരുത്, എന്നെ വെറുതെ വിട്ടേക്കൂ…സഹോദരിയാണ്, മരിക്കാന്‍പോലും കഴിയാത്ത നിന്റെ സഹോദരി!’ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ദയനീയമായ മുഖം!

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷമഴ വരുത്തിവെച്ച ദുരിതങ്ങള്‍ പേറി ഇന്നും ജീവിക്കുന്നവരുടെ മുഖത്തും, ആസ്സാമിലെ കലാപം ബാക്കിവെച്ചവരുടെ മുഖത്തും, Pain and Palliative പ്രവര്‍ത്തനങ്ങളുടെ കാലത്ത് സന്ദര്‍ശിച്ച കിടപ്പുരോഗികളുടെ മുഖത്തും (ഒരുപക്ഷെ ജീവിത സാഹചര്യങ്ങളില്‍ മരവിച്ചുപോയതുകൊണ്ടാകാം) ഞാന്‍ കാണാത്ത വികാരം. ദയനീയത; അല്ല അതിദയനീയത. അതവളുടെ മുഖത്തു ഞാന്‍ കണ്ടു.. ദയനീയതയെന്തെന്ന് അന്ന് ഞാനറിഞ്ഞു, നിസ്സഹായത എന്തെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. ഒന്നും ചെയ്യാനാകാതെ ആ സഹോദരിയുടെ കണ്ണുകളിലേക്കു തന്നെ നോക്കി വിട പറഞ്ഞു…

പേരറിയാത്ത, നാടറിയാത്ത എന്റെ സോദരി, നിന്റെ മുഖം ഇന്നും മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. ഇത്ര ദയനീയമായി നോക്കിയിട്ടും നിന്നെ സഹായിക്കാതെ തിരികെ വരേണ്ടി വന്ന നിസ്സഹായത എത്ര ക്രൂരമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഇതെഴുതുമ്പോള്‍ നിന്റെ അവസ്ഥ എന്തെന്ന് പോലും അറിയില്ലല്ലോ, എന്റെ കുഞ്ഞനുജത്തി …

അവിടെയുള്ള ഏതെങ്കിലും സ്ത്രീയെ കടത്തിക്കൊണ്ടു വന്നു വിവാഹം ചെയ്താലോ എന്നു പോലും ചിന്തിച്ചിരുന്നു. ഒരാളെയെങ്കിലും രക്ഷിക്കാന്‍ ആയല്ലോ… ഒരു സ്ത്രീയ്‌ക്കെങ്കിലും സ്ത്രീ ആയി തന്നെ ബഹുമാനിക്കപ്പെടാന്‍ അവസരം നല്കാന്‍ കഴിഞ്ഞാലോ, ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരാണ് കഴിഞ്ഞാലോ…

ഏകദേശം ആറുമാസക്കാലം ആ ചിന്തകളുണ്ടായിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അതും അലിഞ്ഞില്ലാതായി. എത്ര സ്വാര്‍ത്ഥരാണ് നമ്മളൊക്കെ, ഇത്ര സുന്ദരമായ ജീവിതം കരുണാമയനായ ദൈവം നല്‍കിയിട്ടും ഒരാള്‍ക്ക് കൂടി അത് പങ്കുവെച്ചു നല്കാന്‍ മനസ്ഥിതി ഇല്ലാത്തവര്‍…

കാലത്തെ ചക്രത്തോടാണ് ഉപമിക്കാറുള്ളത്. ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും, മുകളില്‍ ഉള്ളത് താഴേക്കെത്തും. ഇടത്തുള്ളത് വലത്തും വലത്തുള്ളത് ഇടത്തുമെത്തും. അങ്ങനെ താഴേക്കെത്തിക്കല്ലേ എന്നു പ്രാര്‍ത്ഥിക്കാനേ കഴിയൂ. ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകരുതേ എന്നു ഓര്‍ക്കുമ്പോഴൊക്കെ പ്രാര്‍ത്ഥിക്കാറുണ്ട്. ആ പ്രാര്‍ത്ഥനയെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു…

(ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യാഥാര്‍ഥ്യമല്ല)