അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് വലതുപക്ഷമാധ്യമങ്ങള്‍ ഇടതുമന്ത്രിസഭയുടെ നേട്ടങ്ങള്‍ തമസ്‌കരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു: നവയുഗം
അല്‍ഹസ്സ: അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ചും, ഇടതുപക്ഷസര്‍ക്കാര്‍ കേരളജനതയ്ക്ക് നല്‍കിയ ഭരണനേട്ടങ്ങളെ സമര്‍ത്ഥമായി തമസ്‌ക്കരിച്ചും, സ്വന്തം രാഷ്ട്രീയ യജമാനന്മാര്‍ക്കായി വലതുപക്ഷമാധ്യമങ്ങള്‍ നടത്തുന്ന ഗൂഢനീക്കങ്ങളെക്കുറിച്ച്, ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷനേതാക്കളും, പ്രവര്‍ത്തകരും അടിയന്തരമായി നടത്തേണ്ടതെന്ന് നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖലയിലെ ശോബാ യൂണിറ്റ് സമ്മേളനം രാഷ്ട്രീയപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ തന്നെ ഏറ്റവും അഴിമതി കുറഞ്ഞ സര്‍ക്കാര്‍ എന്ന പദവി നേടിയ ഇടതുമുന്നണി സര്‍ക്കാര്‍, ഭരണനിര്‍വ്വഹണത്തിലും ഏറ്റവും മികച്ച നേട്ടമാണ് കൈവരിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന 64 പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കാനും, പൊതുവിപണിയില്‍ ശക്തമായി ഇടപെടാനും, കൂടുതല്‍ തരിശുപാടങ്ങളില്‍ ജൈവകൃഷി നടപ്പിലാക്കി കാര്‍ഷികമേഖലയില്‍ പുതിയ ഉണര്‍വ്വ് നല്‍കാനും, സാമ്പത്തികമേഖലയില്‍ ആസൂത്രിത അച്ചടക്കം നടപ്പാക്കാനും, ഭൂരഹിതര്‍ക്ക് പട്ടയവിതരണം പുനരാരംഭിയ്ക്കാനും, ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കാനും, ആയിരക്കണക്കിന് സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങാനും ഒക്കെ കഴിഞ്ഞ സര്‍ക്കാര്‍, കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയത് അടക്കമുള്ള ധീരമായ നീക്കങ്ങള്‍ അന്താരാഷ്ട്രമാദ്ധ്യമങ്ങളില്‍ പോലും ചര്‍ച്ചയായിരിയ്ക്കുകയാണ്. എന്നാല്‍ ഇത്തരം നേട്ടങ്ങളെ മുഴുവന്‍ തമസ്‌കരിച്ച് വൃദ്ധനായ മന്ത്രിയെ യുവതിയായ റിപ്പോര്‍ട്ടറെ ഉപയോഗിച്ച് ഹണിട്രാപ്പില്‍ കുടുക്കിയും, മന്ത്രി എം.എം മണിയുടെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ദൃശ്യം നല്‍കിയും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി, രാഷ്ട്രീയലാഭത്തിനായി പൊതുജനശ്രദ്ധ വഴി തെറ്റിയ്ക്കാനാണ് വലതുപക്ഷമാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നത്. ഇത് നല്ല പ്രവണതയല്ല. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
അല്‍ ഹയാലാ ആഡിറ്റോറിയത്തില്‍ ഷഫീഖിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശോബാ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഉണ്ണി ഓച്ചിറ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍ നോര്‍ക്ക വിശദീകരണം നടത്തി. നവയുഗം കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ഹുസ്സൈന്‍ കുന്നിക്കോട്, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, രാജീവ് ചവറ, ഷമീല്‍ നെല്ലിക്കോട്, സുശീല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് ഷമീര്‍ ഖാന്‍ സ്വാഗതവും അഖില്‍ നന്ദിയും പറഞ്ഞു. വിവിധ നറുക്കെടുപ്പുകളില്‍ വിജയികളായ ഷാന്‍, സിയാദ് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനം, യൂണിറ്റ് രക്ഷാധികാരിയായി ഉണ്ണി മാധവം ഓച്ചിറയെയും, പ്രസിഡന്റായി ഷമീര്‍ഖാനെയും, വൈസ് പ്രസിഡന്റായി ഷഫീഖിനെയും, സെക്രട്ടറിയായി അഖിലിനെയും, ജോയിന്റ് സെക്രട്ടറിയായി മുഹമ്മദാലിയെയും, ഖജാന്‍ജിയായി മുരളിയേയും സമ്മേളനം തെരെഞ്ഞടുത്തു. പതിനെട്ടംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞെടുത്തു.