ഗവര്‍ണറെ ബി.ജെ.പി ഭീഷണിപ്പെടുത്തുന്നു; ട്വിറ്ററില്‍ പോസ്റ്റിട്ട കുമ്മനത്തിന് എതിരേ കേസെടുക്കും: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലപ്പെട്ട അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന മൊഴി പോലീസിന് ലഭിച്ചെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പയ്യന്നൂരില്‍ കൊലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമൂഹമാധ്യമത്തിലിട്ട കുറിപ്പും ചിത്രങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി. എവിടെയാണ് സന്തോഷ പ്രകടനം നടന്നതെന്നു വ്യക്തമല്ല. ആവശ്യമെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

ആര്‍.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സി.പി.എം നടത്തിയ ആഹ്ലാദ പ്രകടനമെന്ന് പറഞ്ഞു കൊണ്ടുള്ള ചിത്രങ്ങള്‍ കുമ്മനം തന്റെ സമൂഹമാധ്യമ അക്കൗണ്ടിലിട്ടിരുന്നു.

ഗവര്‍ണറെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്നും, അവരുടേത് ഫാസിസ്റ്റ് നയമാണെന്നും മുഖ്യമന്ത്രി. ഭരണഘടനാ ചുമതലയാണ് ഗവര്‍ണര്‍ നിറവേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരാണ് പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലപ്പെട്ട അക്രമത്തിനു പിന്നിലെന്ന് പോലീസിന് കിട്ടിയ മൊഴിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ‘അഫ്‌സ്പ’ നടപ്പാക്കണമെന്ന ബി.ജെ.പിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു അറുതിവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്.

ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. ഇതു തടയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കി. കൊലപാതകത്തിലൂടെ സമാധാന അന്തരീക്ഷം ഇല്ലാതായെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.