ലോകകപ്പ് ഫുട്ബോളിനുള്ള ടിക്കറ്റ് വെറും 48 രൂപയ്ക്ക് നല്‍കുമെന്ന് ഫിഫ

മുംബൈ: ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ അണ്ടര്‍ 17 ലോകകപ്പ് കാണാന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് അവസരം നല്‍കി ഫിഫ. ഒക്ടോബറില്‍ ആറ് മുതല്‍ 28 വരെ കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങള്‍ വേദിയാകുന്ന ലോകകപ്പിലെ ഗാലറി ടിക്കറ്റ് വെറും 48 രൂപയ്ക്ക് ലഭിക്കും. കൂടുതല്‍ ആരാധകരെ ഗാലറിയിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫിഫ ടിക്കറ്റ് വിലയില്‍ ഞെട്ടിക്കുന്ന ഇളവ് വരുത്തിയിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത നിരക്കിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ഗാലറിക്ക് പുറമെ 96, 192 എന്നിവയാണ് ഉയര്‍ന്ന ക്ലാസ് വില. ടിക്കറ്റ് ആദ്യം സ്വന്തമാക്കുന്നവര്‍ക്ക് 60 ശതമാനം ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സെമിഫൈനല്‍, ഫൈവനല്‍ ഉള്‍പ്പെടെ പ്രധാന മത്സരങ്ങളിലും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് ഫിഫ ടൂര്‍ണമെന്റ് സംഘാടക സമിതി തലവന്‍ ഹാവിയര്‍ സെപ്പി അറിയിച്ചിട്ടുണ്ട്.

ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ചൊവ്വാഴ്ച്ച രാത്രി 7.11 ന് കൊല്‍ക്കത്തയില്‍ നടക്കും. 1911ലെ മോഹന്‍ ബഗാന്റെ ടീമിന്റെ ചരിത്രവിജയത്തിന്റെ സ്മരണയിലാണ് ആദ്യ ടിക്കറ്റ് വില്‍പ്പന. ചടങ്ങിലെ മുഖ്യാതിഥിയായ സ്പാനിഷ് താരം പുയോള്‍ ഇന്നെത്തും. ഫിഫ വെബ്സൈറ്റ് വഴി ടിക്കറ്റ് സ്വന്തമാക്കാം. ആദ്യ ഘട്ടത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ കൊല്‍ക്കത്തയിലെ പത്ത് മത്സരങ്ങളുടെ ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. ഇവ ഒന്നിച്ച് മാത്രമേ സ്വന്തമാക്കാനാകൂ. 480, 960, 1920 എന്നീ നിരക്കില്‍. ജൂലൈ ഏഴിന് ശേഷം മാത്രമേ ഓരോ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍ക്കുകയുള്ളു.