കേരളത്തിലും റാന്‍സംവെയര്‍ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്; എടിഎമ്മുകള്‍ അടിയന്തിരമായി അടച്ചിടാന്‍ നിര്‍ദേശം

കല്‍പ്പറ്റ/മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയ ‘വാണാക്രൈ’ വൈറസ് കേരളത്തിലും. വയനാട്ടിലും പത്തനംതിട്ടയിലുമാണ് വാനാക്രൈ വൈറസുകളുടെ ആക്രമം പുതുതായി കണ്ടെത്തിയത്. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കമ്പ്യൂട്ടറുകളിലുമാണ് വൈറസ് പ്രശ്നം സൃഷ്ടിച്ചത്.

വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാലോളം കമ്പ്യൂട്ടറുകള്‍ തകരാറിലായി. സൈബര്‍ ആക്രമണം നടന്നതായാണ് പ്രഥമിക സൂചനകള്‍. മൂന്ന് ദിവസത്തിനകം 300 ഡോളര്‍ ബിറ്റ് കോയിന്‍ നിക്ഷേപിക്കണമെന്നും അല്ലാത്തപക്ഷം മോചനദ്രവ്യം വര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യം.

കമ്പ്യൂട്ടറിലെ എല്ലാ ഫയലുകളും നശിപ്പിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഫയലുകള്‍ ഓപ്പണ്‍ ചെയ്യാനോ റിക്കവര്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്.

വിന്‍ഡോസ് എക്സ്പി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലാണ് ആക്രമണം ശക്തമാവുന്നതെന്ന് മൈക്രോസോഫ്റ്റും സ്ഥിരീകരിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന വാനാക്രൈ റാന്‍സെവയര്‍ വൈറസിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

വരും ദിവസങ്ങളില്‍ സൈബര്‍ ആക്രമണം വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ആക്രമണം ബാധിച്ച കമ്പ്യൂട്ടറുകളുടെ എണ്ണം ഒന്നര ലക്ഷത്തോളമെന്നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോള്‍ അത് രണ്ടര ലക്ഷത്തിലധികമായി വര്‍ധിച്ചതായാണ് കണക്കുകള്‍.

അതിനിടെ, റാന്‍സംവെയര്‍ ആക്രമണത്തിന് രാജ്യവും ഇരയായതോടെ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ രംഗത്തെത്തി. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള എല്ലാ എടിഎമ്മുകളും അടിയന്തിരമായി അടച്ചിടണമെന്നാണ് നിര്‍ദേശം. എടിഎമ്മുകളിലെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്തതിനുശേഷം മാത്രമേ ഇവ തുറക്കാവൂ എന്നും നിര്‍ദേശമുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് കൂടുതല്‍ ഇരയായത്.