മാതൃത്വത്തെ ആദരിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ മാതൃദിനാഘോഷം

വിയന്ന: കുടുംബബന്ധത്തെ ഒരുമിച്ചു ചേര്‍ത്തു നിറുത്തുന്ന അമ്മയാണ് ശ്രേഷ്ഠയെന്ന പദത്തിന് ഏറ്റവും അര്‍ഹയെന്നും, ഒരു ബന്ധത്തിനും പകരം നല്‍കാന്‍ കഴിയാത്ത ബന്ധമാണ് ഓരോ വ്യക്തിയ്ക്കും സ്വന്തം അമ്മോയോട് ഉള്ളെതെന്നും ഒരിക്കല്‍ കൂടി വിളിച്ചുപറഞ്ഞു ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ വിമന്‍സ് ഫോറം മാതൃദിനാഘോഷം സംഘടിപ്പിച്ചു.

സംഘടനയിലെ മാതാക്കള്‍ തന്നെ നേതൃത്വം നല്‍കിയ പരിപാടിയില്‍ വിമന്‍സ് ഫോറം സെക്രട്ടറി നീന എബ്രഹാം സ്വാഗതം പറഞ്ഞു. ഗ്രീന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഹൈദി സെക്വന്‍സ് അമ്മമാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ സംഘടനയുടെ യൂറോപ് കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളും, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ആഗോള സംഘടനയുടെ ആവശ്യത്തെക്കുറിച്ചും വിവരിച്ചു.

കുട്ടികളും, മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ മിഴിവേകിയ സമ്മേളനത്തില്‍ സന്നിഹിതരായ എല്ലാ അമ്മമാര്‍ക്കും റോസാപുഷ്പങ്ങള്‍ നല്‍കി ആദരിച്ചു. മുള്ളുകളുടെ മുകളില്‍ മനോഹരമായി വിരിഞ്ഞു പരിമളം പരത്തുന്ന റോസാപുഷ്പ്പങ്ങള്‍പോലെയാണ് അമ്മമാര്‍ കുടുംബങ്ങളില്‍ സ്‌നേഹത്തിന്റെ സൗരഭ്യം നിറയ്ക്കുന്നതെന്ന ഓര്‍മ്മിപ്പിക്കലായിരുന്നു ഇത്. രമ്യ വെളിയത് അവതാരിക ആയിരുന്നു.

തുടര്‍ന്ന് അമ്മമാരെ അനുസ്മരിക്കുന്ന പ്രസംഗ മത്സരം സംഘടിപ്പിച്ചു. രണ്ട് ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളില്‍ പ്രിയമോള്‍ പണിക്കപ്പറമ്പില്‍ (ഒന്നാം സ്ഥാനം), ജീന സ്രാമ്പിക്കല്‍ (രണ്ടാം സ്ഥാനം), കേര്‍സ്റ്റീന്‍ ചക്കാലയില്‍ (മൂന്നാം സ്ഥാനം), ഫെലിക്‌സ് ചെരിയംകാലയില്‍ (ഒന്നാം സ്ഥാനം), ആന്‍ മരിയ പള്ളിപ്പാട്ട് (രണ്ടാം സ്ഥാനം) എന്നിവര്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. അനാദി ബാങ്ക്, എം.ടി.സി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.

വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള സിമ്മി കൈലാത്ത് സംവിധാനം ചെയ്തു അഭിനയിച്ച ‘സൊറ’ എന്ന ഹൃസ്വചിത്രം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ചടങ്ങിന് കൂടി സമ്മേളനം സാക്ഷ്യം വഹിച്ചു. ഓസ്ട്രിയയിലെ ടിവി, സിനിമ മേഖലയില്‍നിന്നുള്ള പ്രഗത്ഭരെ അണിനിരത്തി ചിത്രികരിച്ച ‘സൊറ’യുടെ ചിത്രീകരണ വിശേഷങ്ങളും സിമ്മി പങ്കുവച്ചു. വിയന്നയിലെ ബെന്‍ ഏഷ്യാ സൂപ്പര്‍മാര്‍കറ്റ് സ്‌പോണ്‍സര്‍ ചെയ്ത പാരിതോഷികം വര്‍ഗീസ് പഞ്ഞിക്കാരന്‍ സിമ്മി കൈലാത്തിനെ സമ്മാനിച്ചു. ഭക്ഷണത്തോട് കൂടി സമാപിച്ച ചടങ്ങില്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ബീന വെളിയത്ത് നന്ദി പറഞ്ഞു.