മാതൃദിനത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള നോര്‍ത്ത് സോണിന് തിരി തെളിഞ്ഞു

കോഴിക്കോട്: ആഗോളമലയാളികളുടെ പ്രകാശമാകാന്‍ ഉദയം ചെയ്ത വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള നോര്‍ത്ത് സോണിന്റെ ഉദ്ഘാടനം കോഴിക്കോട് നടന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേരള നോര്‍ത്ത് സോണ്‍ തിരിച്ചിരിക്കുന്നത്.

പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി വീരേന്ദ്രകുമാര്‍ നിര്‍വഹിച്ചു. കേരള നോര്‍ത്ത് സോണ്‍ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് കുമാര്‍ അരങ്ങാടത്ത്, സ്വാഗതം പറഞ്ഞ ചടങ്ങില്‍ WMF ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളികുന്നേല്‍ (ഓസ്ട്രിയ) അദ്ധ്യക്ഷത വഹിച്ചു. സീന ഷാനവാസ് (സെക്രട്ടറി), ഡോ. ജയേഷ് കുമാര്‍, ഷാഹുല്‍ ഹമീദ്, ഐ.ബി രാജു, ഋഷികേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.

അഗതികള്‍ നിവസിക്കുന്ന ഹോം ഓഫ് ലവ് എന്ന സാമൂഹ്യക്ഷേമ മന്ദിരത്തിലായിരുന്നു സംഘടനയുടെ ഉദ്ഘാടനം. പരിപാടിയോട് അനുബന്ധിച്ചു മാതൃദിനവും, സ്നേഹവിരുന്നും സംഘടിപ്പിച്ചു. മന്ദിരത്തിലെ അമ്മമാരെ ആദരിച്ചു തുടങ്ങിയ പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കലാകാരന്മാരും പങ്കെടുത്തു. മണിദാസ് പയ്യോളി, രതീപ് പാലേരി, പൂജ ശ്രീജന്‍, മീനാക്ഷി സുബാഷ് എന്നിവര്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാം ഏറെ ഹൃദ്യമായിരുന്നു.

ഇതിനോടകം അമേരിക്ക, ആഫ്രിക്ക, ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നായി 50ല്‍ പരം രാജ്യങ്ങളില്‍ സംഘടനയ്ക്കു പ്രവിശ്യകള്‍ നിലവില്‍ വന്നിട്ടുണ്ട്.