തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ നന്മ ചെയ്യുന്നവരായിരിക്കണം: റവ. പി.ടി. കോശി

ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്): തിന്മകളുടെ ശക്തികള്‍ സമൂഹത്തില്‍ അഴിഞ്ഞാടുമ്പോള്‍ തിന്മയെ തിന്മകൊണ്ട് നേരിടാതെ നന്മകൊണ്ട് നേരിടുന്നവരിലാണ് യഥാര്‍ത്ഥ ദൈവ സ്‌നേഹം പ്രകടമാകുന്നതെന്ന് മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരനും, സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗികനും, ദൈവ വചന പണ്ഡിതനുമായ റവ പി ടി കോശി പറഞ്ഞു.ഡാളസ് മാര്‍ത്തോമാ ചര്‍ച്ചില്‍ മെയ് 12, 13, 14 തീയ്യതികളില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്റെ പ്രാരംഭ ദിനം ദൈവ വചന പ്രഘോഷണം നടത്തുകയായിരുന്നു കോശിയച്ചന്‍.

ഒന്ന് തെസ്സലോക്യര്‍ 5- ാം അദ്ധ്യായത്തെ ആസ്പദമാക്കിയാണ് മൂന്ന് ദിവസവും തിരുവചന ധ്യാനം ക്രമീകരിച്ചിരുന്നത്. നല്ല ഫലം കായ്ക്കുന്നവരെയാണ് നല്ലവരെന്ന് വിളിക്കുന്നത്. അവര്‍ തങ്ങളേക്കാള്‍ മറ്റുള്ളവരെ സ്‌നേഹിക്കുകയും, കരുതകയും അവരുടെ പ്രയാസങ്ങളില്‍ പങ്കു ചേരുന്നവരുമാണെന്നും അച്ചന്‍ തിരുനചനങ്ങളെ ആസ്പദമാക്കി വിശദീകരിച്ചു.

നന്മയേത് തിന്മയേത് എന്ന് വേര്‍ തിരിച്ചറിയുവാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ നന്മയുടെ ഉറവിടമായ ക്രിസ്തുവിലേക്ക് കണ്ണുകളെ ഉയര്‍ത്തുകയാണ് അഭികാമ്യം എന്നും അച്ചന്‍ ഓര്‍മിപ്പിച്ചു. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്ന ജീവിതത്തിന്റെ ഉടമകളായി തീരുമ്പോള്‍ മാത്രമാണ് ക്രിസ്തീയ ജീവിതത്തിന്റെ ധന്യത കണ്ടെത്തുവാന്‍ കഴിയുകയുള്ളുവെന്നും അച്ചന്‍ ഉദബോധിപ്പിച്ചു.

മെയ് 12 വെള്ളി വൈകിട്ട് പള്ളിയില്‍ എത്തിചേര്‍ന്ന ഏവരേയും റവ. മാത്യു സാമുവേല്‍ സ്വാഗതം ചെയ്തു ഇടവക വികാരി റവ സജി പി സി ആമുഖ പ്രസംഗം നടത്തി പി വി ജോണ്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജയന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗായക സംഘം ആലപിച്ച ഗാനങ്ങല്‍ കണ്‍വന്‍ഷന്റെ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.