ഒബ്റോണ്‍ മാളില്‍ വന്‍ തീപിടുത്തം: നാലാം നില കത്തി നശിച്ചു

കൊച്ചിയിലെ ഒബ്റോണ്‍ മാളില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. നാലാം നിലയില്‍ കാര്യമായ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം ആര്‍ക്കും പൊള്ളലേറ്റിട്ടില്ല.

ഫുഡ്കോര്‍ട്ടിലാണ് ആദ്യം തീ കണ്ടത്. അടുക്കളയില്‍ നിന്നും തീ പടര്‍ന്നതാകാമെന്നാണ് സൂചന.

മള്‍ട്ടിപ്ലക്സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. തീയണയ്ക്കാനായി എത്തിയ ഫയര്‍ഫോഴ്‌സ് അഗ്‌നിബാധയുണ്ടായ നാലാം നിലയില്‍ ജലമെത്തിക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലാണെന്നും റിപോര്‍ട്ടുണ്ട്.

മാളില്‍ നിന്നുയരുന്ന കറുത്ത കട്ടിയുള്ള പുക ശ്വസിച്ചവര്‍ക്ക് ശ്വാസതടസ്സമുണ്ടായിട്ടുണ്ട്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സുരക്ഷജീവനക്കാര്‍ വയര്‍ലെസ്സ് വഴി സന്ദേശം കൈമാറുകയും നിമിഷനേരങ്ങള്‍ക്കുള്ളില്‍ അകത്തുണ്ടായിരുന്ന മുഴുവന്‍ പേരേയും പുറത്തിറക്കുകയും ചെയ്തു.

ഫയര്‍ഫോഴ്സിനും പൊലീസിനുമൊപ്പം ഒബ്റോണ്‍ മാളിലെ സുരക്ഷാജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.