ഐ ടി ജീവനക്കാരുടെ ഭാവി തുലാസിലാക്കി കമ്പനികളില്‍ കൂട്ടപിരിച്ചുവിടലുകള്‍


ബംഗലൂരു : രാജ്യത്തെ ഐ ടി ജീവനക്കാരുടെ ഭാവി തുലാസിലാക്കി കൂട്ടപിരിച്ചുവിടലുകള്‍ക്ക് സാക്ഷിയായി ഐ ടി കമ്പനികള്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടങ്ങിയതോടെയാണ് ഐ ടി മേഖലയിലെ ജീവനക്കാര്‍ക്ക് സമയദോഷം ആരംഭിച്ചിരിക്കുന്നത് . മുപ്പത് ശതമാനം മലയാളി ജീവനക്കാരുളള ബംഗളൂരുവിലെ ഐ ടി രംഗത്ത് മാത്രം അരലക്ഷത്തിലധികം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ നടത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.എട്ട് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുളളവര്‍ വരെ ഭീഷണിയിലാണ്.പതിനഞ്ച് ലക്ഷം പേര്‍ പണിയെടുക്കുന്ന ബംഗളൂരുവിലെ ഐടി രംഗത്ത് മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. മുന്‍ വര്‍ഷങ്ങളേക്കാള്‍ പുതിയ അവസരങ്ങള്‍ കുറവായത് തന്നെ ഇത്തവണ ആശങ്കയേറുന്നതിന് പ്രധാന കാരണം.രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് ഐ ടി മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ പകുതിയായി കുറഞ്ഞെന്ന കണക്കുകള്‍ക്കിടെയാണ് കൂട്ടപ്പിരിച്ചുവിടലിന്റെ ആശങ്കയും ഉയരുന്നത്.വന്‍കിട കമ്പനികളടക്കം ജീവനക്കാരോട് രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.നഷ്ടക്കണക്കാണ് പിരിച്ചുവിടലിന് കാരണമായി കമ്പനികള്‍ നിരത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എച്ച് വണ്‍ ബി വിസ നിയന്ത്രണവും ഓട്ടോമേഷനും പ്രശ്‌നം സങ്കീര്‍ണമാക്കിയിട്ടുണ്ട്.അമേരിയക്കടക്കമുളള രാജ്യങ്ങള്‍ തദ്ദേശീയവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതും തിരിച്ചടിയാകും.