പൊലീസിലെ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും, ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയിട്ടല്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസ് മേധാവിയാക്കണമെന്ന ഡിജിപി: ടി.പി. സെന്‍കുമാറിന്റെ കേസില്‍ സര്‍ക്കാരിന് എത്ര രൂപ ചെലവായെന്നത് പിന്നീട് അറിയിക്കും. പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ആസ്ഥാനം അടച്ചടക്കലംഘനത്തിന്റെ ആസ്ഥാനമാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതിയില്‍ പോയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത് അഡ്വക്കേറ്റ് ജനറലിന്റെയും നിയമസെക്രട്ടറിയുടെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം കേസുകള്‍ക്ക് പണം ചിലവാകും. അക്കാര്യം സര്‍ക്കാര്‍ മറച്ചുവയ്ക്കില്ല. എന്നാല്‍ ചെലവായ തുക എത്രയാണമെന്ന് പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ചിലവായത് മൂന്നു കോടി രൂപയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഇക്കാര്യത്തിലെ കണക്ക് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.
വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം.മണിക്കെതിരെ കേസെടുക്കാതിരുന്നത് അതിനുതക്ക കുറ്റകൃത്യം അദ്ദേഹം ചെയ്തിട്ടില്ലാത്തതുകൊണ്ടാണ്. അദ്ദേഹത്തില്‍നിന്ന് സ്ത്രീ വിരുദ്ധ പരാമര്‍ശമുണ്ടായിട്ടില്ല. പൊലീസ് വിശദമായി പരിശോധിച്ചാണ് കേസെടുക്കേണ്ടെന്ന നിലപാടില്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രി മണി തടസം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് ഇപ്പോള്‍ വിജിലന്‍സ് മേധാവി.