റീമ ലാഗു: ബോളിവുഡ് താരങ്ങളുടെ ‘അമ്മ’ നിര്യാതയായി

90 കളില്‍ ഹിന്ദി സിനിമയില്‍ അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് താരം ‘റീമ ലാഗു’ ഇന്നു വെളുപ്പിന് നിര്യാതയായി. സുഖമില്ലായ്മയെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിക്കുകയായിരുന്നു, ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഇന്ന് വെളുപ്പിന് 3 മണിക്ക് മരണപ്പെട്ടു. 59 വയസ്സായിരുന്നു.

1979 ല്‍ പുറത്തിറങ്ങിയ ‘സിംഹാസന്‍’ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് ടീവി സീരിയലുകളിലും 100ല്‍ അധികം ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു. നിരവധി സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രങ്ങളിലെ അമ്മ വേഷങ്ങള്‍ ചെയ്താണ് റീമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്.

ആമിര്‍ ഖാന്റെ ആദ്യ ചിത്രമായ ‘ഖഹയാമത്ത് സെ ഖഹയാമത്ത് തക്ക് – 1988 ‘, സല്‍മാന്‍ ഖാന്റെ ആദ്യ ചിത്രം ‘മേനേ പ്യാര്‍ കിയാ- 1989 ‘ എന്നിവയില്‍ അമ്മവേഷം ചെയ്തു. കൂടാതെ ‘ആഷിക്കി’, ‘ഹം ആപ്‌കേ ഹേ കോന്‍’, ‘വാസ്തവ്’ എന്നിവയിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.

നയന്‍ ഭാദ്ഭടെ എന്നാണ് യഥാര്‍ത്ഥ പേര്, സിനിമയില്‍ വന്ന ശേഷം ആണ് റീമ എന്ന പേര് സ്വീകരിച്ചത്. മറാത്തി നടന്‍ വിവേക് ലഗൂവിനെ വിവാഹം കഴിച്ച ശേഷം റീമ ലഗൂ എന്ന് അറിയപ്പെടാന്‍ തുടങ്ങി. അഭിനേത്രിയും സംവിധഹായികയുമായ മൃണ്‍മയി ആണ് മകള്‍.