ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ വനിതകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സംഘടന കേരളത്തില്‍ നിന്ന്: മഞ്ജു വാരിയര്‍, ബീനാ പോള്‍, പാര്‍വ്വതി, സജിതാ മഠത്തില്‍, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, വിധു വിന്‍സന്റ് നേതൃസ്ഥാനങ്ങളില്‍

തിരുവനന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ എന്ന പേരിലാണ് സംഘടന. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി തിരുവോത്ത്, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ കോര്‍ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് മുന്‍കയ്യെടുക്കുന്നത്.

താരങ്ങളും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരും ഈ സംഘടനയുടെ ഭാഗമാണ്. രമ്യാ നമ്പീശന്‍, സയനോര, ഗീതു മോഹന്‍ദാസ്, പദ്മപ്രിയ, ഭാവന തുടങ്ങിയവരും കോര്‍ കമ്മിറ്റിയിലുണ്ട്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ കണ്ടു.

ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംഘടനാ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യും.