മലയാളിയുടെ ഗോളില്‍ ഇന്ത്യ അണ്ടര്‍ 17 ടീം ഇറ്റലിയെ കീഴടക്കി
റോം: അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ഇറ്റലിക്കെതിരെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ ആത്മവിശ്വാസം പതിന്മടങ്ങു വര്‍ദ്ദിപ്പിച്ച ചുണക്കുട്ടികള്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങുകയാണ്.
ഫിഫ ലോകകപ്പ് നാല് തവണ ഉയര്‍ത്തിയ ഇറ്റലിയില്‍ നിന്നുള്ള ടീമിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യന്‍ കൗമാരം പരാജയപ്പെടുത്തിയത്. ഇറ്റലിയിലെ അറിസോയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ എതിരാളികളെ കാഴ്ചക്കാരാക്കി സുന്ദരമായ കളിയാണ് ഇന്ത്യന്‍ കുട്ടികള്‍ പുറത്തെടുത്തത്.
ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ടീമിന്റെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. സ്ട്രൈക്കര്‍മാരായ അഭിജിത് സര്‍ക്കാര്‍, രാഹുല്‍ പ്രവീണ്‍ എന്നിവരുടെ ഗോളുകളാണ് ഇന്ത്യന്‍ വിജയമൊരുക്കിയത്.
പ്രതിരോധത്തിന്റെ ഇറ്റാലിയന്‍ ഫുട്ബോള്‍ ഇന്ത്യന്‍ മുന്‍നിരക്കാര്‍ക്ക് പലവട്ടം തടസ്സം സൃഷ്ടിച്ചെങ്കിലും മല്‍സരത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ക്കായിരുന്നു ആധിപത്യം.
കളിയുടെ 31ാം മിനിറ്റില്‍ അഭിജിത്തിലൂടെ ലീഡ് പിടിച്ച ഇന്ത്യക്ക്, രണ്ടാം പകുതിയിലെ 75ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ പ്രവീണ്‍ രണ്ടാം ഗോള്‍ സമ്മാനിച്ചു. തൃശൂര്‍ സ്വദേശിയാണ് രാഹുല്‍. ക്രൊയേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 17 യൂറോ കപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയതാണ് ഇറ്റാലിയന്‍ ടീം. പോര്‍ചുഗലിലും ഫ്രാന്‍സിലും കളിച്ചെത്തിയ ഇന്ത്യയുടെ യൂറോ പര്യടനത്തിലെ ആദ്യ ജയമാണിത്.