‘തലയക്കകത്ത് ഒന്നുമില്ലാത്ത വ്യക്തി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് എന്തു ചെയ്യാന്‍?’

മുംബൈ: മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു രജനീകാന്തിനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്ത്. ബച്ചനെ പോലെ രജനീകാന്തിന്റെ തലയിലും ഒന്നുമില്ലെന്ന് കട്ജു പ്രതികരിച്ചത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കട്ജു പരാമര്‍ശം നടത്തിയത്.

ദക്ഷിണേന്ത്യക്കാരെക്കുറിച്ച് തനിക്ക് വലിയ മതിപ്പാണുള്ളത്. എന്നാല്‍ സിനിമ താരങ്ങളോടുള്ള അവരുടെ വിചിത്രമായ ആരാധന മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കുറിച്ചു. രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ചിലര്‍ പറയുന്നതു കേട്ടുവെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഇക്കാര്യം ഉന്നയിക്കുന്നതെന്നും കട്ജു ചോദിച്ചു.

‘ഇപ്പോള്‍ ദക്ഷിണേന്ത്യക്കാരില്‍ പലരും രജനിയുടെ ആരാധനയില്‍ ഭ്രാന്തുപിടിച്ച പോലെയാണ് പെരുമാറുന്നത്. ചിലര്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രിയാകണമെന്നും ആഗ്രഹിക്കുന്നു.

രജനികാന്തിന് എന്ത് മികവാണ് ഉള്ളത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാാരക്കുറവ്, ആരോഗ്യ പരിചരണം, കൃഷിക്കാരുടെ പ്രശ്നങ്ങള്‍ എന്നിങ്ങനെ എന്തെങ്കിലും പരിഹരിക്കാന്‍ രജനിക്ക് സാധിച്ചിട്ടുണ്ടോ? പിന്നെ എന്തിനാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല’-കട്ജു പറഞ്ഞു.

തന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വ്യാപകമായതോടെ വിശദീകരണവുമായി രജനികാന്ത് നേരിട്ട് രംഗത്തുവന്നിരുന്നു. രാഷ്ട്രീയപ്രവേശം തന്റെ അഭിലാഷമല്ലെന്നും ദൈവനിശ്ചയം അതാണെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും രജനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് കട്ജു താരത്തെ പരിഹസിച്ചു പോസ്റ്റ് ചെയ്തത്.