വീണ്ടും സിപിഐഎം-കേരള കോണ്‍ഗ്രസ് (എം) കൂട്ടുകെട്ട് കോട്ടയത്ത്: വിഷയം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മോന്‍സ് ജോസഫ്; മാണി കാണിച്ചത് ചതിയുടെയും വഞ്ചനയുടെയും ആവര്‍ത്തനമെന്ന് ജോഷി ഫിലിപ്പ്

തിരുവന്തപുരം: കോട്ടയത്തെ സിപിഐഎം-കേരള കോണ്‍ഗ്രസ് (എം) സഹകരണത്തെക്കുറിച്ച ചര്‍ച്ച ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് ഘടകം എംഎല്‍എ മോന്‍സ് ജോസഫ്.

ഇന്നു നടന്ന വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സിപിഐഎം അംഗങ്ങളുടെ പിന്തുണയോടെ ജയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ലിസമ്മ ബേബിയെ എട്ടിനെതിരെ 12 വോട്ടുകള്‍ക്കാണു തോല്‍പ്പിച്ചത്.

അതേസമയം മെയ് 23 ചൊവ്വാഴ്ച തിരുവന്തപുരത്താണ് കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്നത്. സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളെല്ലാം കേരളകോണ്‍ഗ്രസുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

സിപിഐ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പി.സി.ജോര്‍ജ് ജനപക്ഷം അംഗം വോട്ട് അസാധുവാക്കി. കോണ്‍ഗ്രസ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വന്ന ഒഴിവിലാണ് മത്സരം നടന്നത്. പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്കും ഒരു അംഗത്തിന്റെ ഒഴിവുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് സിപിഐഎം പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് പ്രസിഡന്റ് പദം നേടിയത്.

ഇതിനിടയില്‍ തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് കേരള കോണ്‍ഗ്രസ് (എം) കാട്ടിയതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. രാഷ്ട്രീയത്തിലെ കെ.എം. മാണിയുടെ കപടമുഖമാണ് ഇത്. ചതിയുടെയും വഞ്ചനയുടെയും ആവര്‍ത്തനമാണിത്. ആസൂത്രിതമായ തീരുമാനം ആണിതെന്നും ജോഷി ഫിലിപ്പ് അറിയിച്ചു. ജില്ലാ പഞ്ചായത്തില്‍ നടന്ന വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സിപിഐഎം അംഗങ്ങളുടെ പിന്തുണയോടെ ജയിച്ച പശ്ചാത്തലത്തിലാണു ജോഷി ഫിലിപ്പിന്റെ പ്രതികരണം. മാണി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചു കേരളത്തിലെ ജനങ്ങളോടു തുറന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.