കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി കേരളം ഘടകം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യം പരിഗണിക്കാതെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തുകയാണെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി കേരള ഘടകം. മെയ് 30ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബിജെപി വിമര്‍ശനുവുമായി രംഗത്ത് വന്നത്.
മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും, എന്തെങ്കിലും സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതെന്നാണ് ബിജെപി ഉയര്‍ത്തുന്ന ആരോപണം. മേയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്ന് നേരത്തെ അറിയിച്ചതാണ്. ഒന്നരമാസം മുന്‍പ് നിശ്ചയിച്ചതാണ് ഈ പര്യടനം.
അതേസമയം, മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കത്തയച്ചിരുന്നെങ്കിലും ഇതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടെ, സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉയരുകയും ചെയ്തു.