കൊച്ചി മെട്രോ തനിയെ ഓടില്ല ; 90 കിലോ മീറ്റര്‍ സ്പീഡില്‍ മെട്രോ റെയില്‍ പായിക്കാന്‍ ഒരുങ്ങി മഹിളകള്‍
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ റെയിലിനെ നിയന്ത്രിക്കാന്‍ വളയിട്ട കൈകളും തയ്യാറായി. നിയന്ത്രിക്കാന്‍ ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്ത (കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്ട്രോള്) സംവിധാനമാവുമെന്ന പ്രഖ്യാപനം തല്ക്കാലം നടപ്പാവില്ല. ആദ്യ ഘട്ടത്തില്‍ ലോക്കോ പൈലറ്റുമാര്‍ തന്നെ മെട്രോ റെയില്‍ പായിക്കും.
39 ലോക്കോ പൈലറ്റുമാര്‍ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവരില്‍ ഏഴു പേര് വനിതകളാണ്. ബെംഗളൂരുവില്‍ ആണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചത്. ഒരു വര്‍ഷമായി ഇവര്‍ കൊച്ചി മെട്രോയ്ക്ക് ഒപ്പമാണ്. സ്റ്റേഷന് കണ്ട്രോളര് കം ട്രെയിന്‍ ഓപ്പറേറ്റേഴ്സ് എന്ന തസ്തികയിലാണ് നിയമനം നല്‍കിയിട്ടുള്ളത്.
വൈക്കം സ്വദേശിനി വന്ദന, ഗോപിക, കൊല്ലം സ്വദേശിനികളായ ഗോപിക, സി ഹിമ, രമ്യ ദാസ്, തൃശൂര്‍ സ്വദേശിനിയായ കെ.ജി നിധി, ചേര്‍ത്തല സ്വദേശിനി അഞ്ജു അശോകന്, തിരുവനന്തപുരം സ്വദേശിനി ജെ.കെ അഞ്ജു എന്നിവരാണ് കൊച്ചി മെട്രോയെ നിയന്ത്രിക്കുന്ന വനിതാ ലോക്കോ പൈലറ്റുമാര്‍.
സിഗ്നലുകളിലൂടെ ട്രെയിന്‍ കടത്തി വിടുകയെന്നതാണ് ഇവരുടെ പ്രധാന ജോലി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നേരിടാനുള്ള പരിശീലനവും ഇവര്‍ നേടി കഴിഞ്ഞു. 400 കിലോമീറ്റര്‍ ദൂരം എല്ലാ ലോകോ പൈലറ്റുമാരും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ട്രെയിനുകള്‍ക്ക് സി.ബി.ടി.സി ഉപയോഗിച്ച് സഞ്ചരിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്.
എട്ടു മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ ജോലി. ഒരു ട്രെയിനില്‍ ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടാവു. പ്രത്യേക ലിവര്‍ ഉപയോഗിച്ചാണ് ട്രെയിനുകളുടെ നിയന്ത്രണം. കെ.എം.ആര്.എല്‍ നേരിട്ടാണ് 2016ല്‍ പുതിയ റിക്രൂട്ട്മെന്റ് നടത്തിയത്.
40 കിലോമീറ്റര്‍ മുട്ടം യാര്‍ഡിലും പിന്നീട് 400 കിലോമീറ്റര്‍ യഥാര്‍ഥ ട്രാക്കിലും ഓടിച്ചതിന് ശേഷമേ ഇവര്‍ക്ക് കോംപെറ്റന്‍സി സര്‍ട്ടിഫിക്കേറ്റ് അനുവദിക്കുകയുള്ളു. സാങ്കേതിക വിദഗ്ധര്‍ അടങ്ങിയ കോംപെറ്റന്‍സി പാനലാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കാന്‍ കഴിയുന്ന തരത്തിലാണ് കൊച്ചി മെട്രോയുടെ സംവിധാനങ്ങള്‍. എന്നാല്‍ സര്‍വീസിനു മുന്‍പായുള്ള പരീക്ഷണ ഓട്ടത്തില്‍ വേഗത 80 കിലോമീറ്ററാണ്.